മുഖ്യമന്ത്രിയുടെ കണക്ക് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ; പ്രവാസികളുടെ യാത്ര സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി

മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ കണക്ക് തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറഞ്ഞ കണക്ക് എങ്ങനെ വന്നുവെന്ന് അറിയില്ല. 80,000 പേർ മടങ്ങി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കേട്ടു. നോർക്ക എടുത്ത കണക്ക് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ലെന്നും മന്ത്രി ട്വന്റിഫോർ എൻകൗണ്ടറിൽ പറഞ്ഞു.

വിദേശത്ത് നിന്ന് മടങ്ങുന്നവരുടെ കണക്ക് വിദേശകാര്യ വകുപ്പാണ് നൽകേണ്ടത്. തങ്ങൾക്ക് അത്തരത്തിൽ ഒരു കണക്ക് ലഭിച്ചിട്ടില്ല. അടുത്ത ആഴ്ച എത്ര ആളുകളെ കൊണ്ടുവരാൻ സാധിക്കുമെന്ന് പോലും അറിയില്ല. നാളെ നാല് വിമാനങ്ങളിൽ ആളുകളെ കൊണ്ടുവരാൻ ആയിരുന്നു തീരുമാനം. വിമാനം നിയന്ത്രിക്കുന്നവർ അസുഖ ബാധിതർ ആയിരിക്കരുതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്കാര്യങ്ങൾ ഉറപ്പുവരുത്തി നാളെ നാല് വിമാനങ്ങൾ എത്തിക്കാൻ സാധിക്കില്ലെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. ഇതേ തുടർന്നാണ് നാളെ രണ്ട് വിമാനങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്. നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

read also: ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ

പ്രവാസികൾ കയറുന്ന സ്ഥലത്ത് പരിശോധന നടക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് അവ്യക്തതയില്ല. മുഴുവൻ നടപടികളും ദുരന്ത നിവാരണ നിയമത്തിന് അനുസൃതമായാണ് നടക്കുന്നത്. ഇന്നലെ ആഭ്യന്തര വകുപ്പ് പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. അതിൽ എല്ലാം വ്യക്തമാണ്. മുഴുവൻ യാത്രക്കാരുടേയും യാത്രാവിവരം തയ്യാറാക്കണമെന്നും വ്യക്തി വിവരങ്ങളും മൊബൈൽ നമ്പർ ഉൾപ്പെടെ നൽകണമെന്നും ഉണ്ട്. ആർടി പിസിആർ ടെസ്റ്റിന്റെ റിസൾട്ടും ഉൾപ്പെടുത്തണം. കേന്ദ്രസർക്കാർ പുറത്തിറക്കിയത് കൃത്യമായ പ്രോട്ടോകോൾ ആണ്. കേന്ദ്രസർക്കാരിന്റെ, സംസ്ഥാന സർക്കാരിന്റെ എന്നിങ്ങനെ രണ്ട് നിലപാടില്ല. ദുരന്ത നിവാരണ നിയമം നടപ്പാക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രത്തിന്റെ നിയമം അംഗീകരിക്കുമെന്നാണ് എല്ലാവരും പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

മടങ്ങിയെത്തുന്നവർ 28 ദിവസം ക്വാറന്റീനിൽ കഴിയണം. അതിൽ പതിനാല് ദിവസം സർക്കാർ നിരീക്ഷണമായിരിക്കും. അടുത്ത പതിനാല് ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

story highlights- coronavirus, pinarayi vijayan, v muraleedharan, protocol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top