കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതെ ശ്രദ്ധിക്കണം; ഇനിയുള്ള നാളുകള്‍ പ്രധാനം: മുഖ്യമന്ത്രി

കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പിന്നിടുകയാണ്. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയ വിദ്യാര്‍ത്ഥിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ആ തുടക്ക ഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചു. മാര്‍ച്ച് ആദ്യ വാരമാണ് കേരളത്തില്‍ കൊവിഡിന്റെ രണ്ടാമത്തെ വരവ് ഉണ്ടാകുന്നത്. രണ്ട് മാസത്തിനിപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് താഴേയ്ക്ക് എത്തിക്കാന്‍ സാധിച്ചുവെന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് പുറത്തുനിന്നും ഇന്ത്യയ്ക്കു പുറത്തുനിന്നുമുള്ള പ്രവാസി സമൂഹത്തെ നാം സ്വീകരിക്കുകയാണ്. അവരെ പരിചരിക്കുന്നതിന് വേണ്ട എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു മൂന്നാം വരവ് ഉണ്ടാകാതെ നോക്കാന്‍ ശ്രമിക്കുകയാണ് ഇനി വേണ്ടത്. ഉണ്ടായാല്‍ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും നാം തയാറാണ്. പൊതുസമൂഹത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സമീപനം വര്‍ധിച്ച തോതില്‍ ഉണ്ടാകേണ്ട ഘട്ടമാണ് ഇനിയുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ തോതില്‍ വിജയിച്ചുവെന്നതിനാല്‍ നമുക്കിനി ഒന്നും ചെയ്യാനില്ല എന്ന് കരുതരുത്. ഇനിയുള്ള നാളുകള്‍ പ്രധാനമാണ്. ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ഐക്യത്തോടെ പെരുമാറണം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here