പ്രവാസികളുമായുള്ള വിമാനം ബഹ്‌റൈനില്‍ നിന്ന് കൊച്ചിയില്‍ എത്തി

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം ക്വാറന്റീനിലേക്ക് മാറ്റും. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കേരളത്തില്‍ എത്തുന്ന നാലാമത്തെ വിമാനമാണിത്.

ടെമ്പറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര താപനില വിമാനത്താവളത്തില്‍ പരിശോധിക്കും. മുപ്പത് പേര്‍ അടങ്ങുന്ന സംഘങ്ങളായിട്ടായിരിക്കും വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കുക. ബാഗേജുകള്‍ രണ്ട് തവണ അണുനശീകരണം നടത്തും.

വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ല. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

Story Highlights: coronavirus, Lockdown,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top