Advertisement

സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടിയത് കൊടിയ അനീതി: മുല്ലപ്പള്ളി രാമചന്ദ്രന്‍

May 8, 2020
Google News 1 minute Read
mullappally ramachandran

മടങ്ങിയെത്തിയ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയത് കൊടിയ അനീതിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രത്യേക വിമാനം വിട്ടുനല്‍കി എന്നതിന് അപ്പുറം സര്‍ക്കാരിന് ഊറ്റം കൊള്ളാന്‍ ഒന്നുമില്ല. എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികള്‍ക്ക് നല്‍കേണ്ടി വന്നത്.തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ സന്തോഷിച്ച എല്ലാ പ്രവാസികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവരാണ് നാട്ടിലേക്ക് പോകാനുള്ള മുന്‍ഗണനപട്ടികയില്‍ ഇടം പിടിച്ചതില്‍ ഒരു വിഭാഗം. രണ്ടുമാസമായി ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണ് ഇവരില്‍ പലരും. കൈയില്‍ കാശില്ലാത്ത പലരും കടം വാങ്ങിയാണ് വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഉള്‍പ്പടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് ഇവര്‍ക്ക് പ്രത്യേക വിമാന സര്‍വീസില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. പുതിയ ടിക്കറ്റ് ഉയര്‍ന്ന് നിരക്കില്‍ എടുത്തുവേണം യാത്ര ചെയ്യാനെന്നുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പ്രവാസിയെ കൊള്ളയടിക്കുന്ന നടപടിയാണിത്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പക്കല്‍ നിന്നും പിരിച്ചെടുത്ത അടിയന്തിര ക്ഷേമ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപയുള്ളപ്പോഴാണ് പ്രവാസി സമൂഹത്തോട് ഈ അവഗണന. പാവപ്പെട്ട പ്രവാസികളുടെ അടിയന്തിര ചികിത്സക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും ആവശ്യമുള്ളവര്‍ക്ക് നിയമസഹായം നല്‍കാനുമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഈ ഫണ്ടിലുള്ളത്. പ്രവാസികളുടെ അവകാശമായ ഈ ഫണ്ട് ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വിനിയോഗിക്കുന്നതിന് ഒരു സാങ്കേതിക തടസവുമില്ലെന്ന് ഇരിക്കെ അതു പ്രയോജനപ്പെടുത്താത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Story Highlights: Mullappally Ramachandran, expat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here