Advertisement

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല: മുഖ്യമന്ത്രി

May 8, 2020
Google News 1 minute Read
cm pinarayi vijayan

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ക്രമവത്കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും കഴിയാവുന്നത്ര വേഗത്തില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുക. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. ക്രമത്തില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒരാള്‍ വരുന്നത് റെഡ്‌സോണ്‍ മേഖലയില്‍നിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാല്‍, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാന്‍ കഴിയുകയുമില്ല. ചിലര്‍ ഏതോ മാര്‍ഗേന അതിര്‍ത്തികളിലെത്തി നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തില്‍ നിന്നും ഇതിനുള്ള പാസ് ആവശ്യമാണ്.

ഇതിനകം 86,679 പേര്‍ പാസുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 37,891 പേര്‍ റെഡ്‌സോണ്‍ ജില്ലകളിലുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 45,814 പേര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്. പാസ് ലഭിച്ചവരില്‍ 19,476 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതുവരെ 16,385 പേര്‍ എത്തിച്ചേര്‍ന്നു. അതില്‍ 8912 പേര്‍ റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇന്നലെ വന്നവരില്‍ 3216 പേരെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. മുമ്പ് റെഡ്‌സോണില്‍ നിന്ന് വന്നവരെ കണ്ടെത്തി സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ സൗകര്യത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

റെഡ്‌സോണ്‍ ജില്ലകളില്‍നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണം. റെഡ്‌സോണില്‍വിന്ന് യാത്ര തിരിക്കുന്ന 75 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഗര്‍ഭിണികള്‍ക്കും 14 ദിവസം വീടുകളിലാണ് ക്വാറന്റൈന്‍ വേണ്ടത്. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങള്‍ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Lockdown, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here