ട്വന്റിഫോറിനെതിരെ വ്യാജ പ്രചാരണം; തിരുവല്ല സ്വദേശിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

ട്വൻ്റിഫോറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിൽ നിയമനടപടി. പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് ട്വന്റിഫോർ നൽകിയ വാർത്ത തെറ്റിദ്ധാരണപരത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച തിരുവല്ല സ്വദേശി വിനു നാരായണനെതിരെയാണ് പരാതി. വ്യാജരേഖകളുടെ സഹായത്തോടെ വാർത്ത പ്രചരിപ്പിച്ച ഇയാൾക്കെതിരെ ട്വന്റിഫോർ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.
പ്രവാസി മലയാളികൾ മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തത്സമയം സംപ്രേഷണം ചെയ്ത ട്വന്റിഫോറിന്റെ വാർത്ത റിപ്പോർട്ടിങ്ങിന്റെ സ്‌ക്രീൻ ഷോട്ടുകളിൽ വ്യാജമായി കൂട്ടിച്ചേർക്കലുകൾ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരിപ്പിച്ചെന്നാണ് പരാതി. മലയാള സിനിമയിലെ തിരക്കഥാകൃത്ത് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വിനു നാരായണൻ, ട്വന്റിഫോറിനെ അപകർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത് പ്രചരിപ്പിച്ചിരിക്കുന്നത്. ‘ആദ്യദിനം എത്തിയ പ്രവാസികളിൽ മൂന്ന് വർഷം വരെ ഗർഭമുള്ള നാല് പേർ’ എന്ന് കാണുന്നത് 24 സംപ്രേഷണം ചെയ്തതല്ല. ഇത് ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി ചമച്ചതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസിന് പരാതി നൽകിയത്. സ്‌ക്രീൻ ഷോട്ട് ഇന്നലെ വൈകുന്നേരം 6.16 ന് എടുത്തിട്ടുള്ളതാണ്. ഈ സമയം പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഒന്നും തന്നെ കേരളത്തിൽ എത്തിയിരുന്നില്ല. വിമാനത്തിലെ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളും അപ്പോൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ വിനു നാരായണൻ തെറ്റായി പ്രചരിപ്പിക്കുന്ന സ്‌ക്രീൻഷോട്ടിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വാർത്തയുളളത്. ട്വന്റിഫോറിന്റെ സൽപേരിനേയും വാർത്താ സംപ്രേഷണ രംഗത്തെ വളർച്ചയെയും തടയണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീൻ ഷോട്ടുകൾ മറ്റുപലരും ഷെയർ ചെയ്യുന്നുണ്ട്. കൊവിഡ് ഭീഷണിയിൽ മനുഷ്യരാശി മുഴുവൻ ഭയന്ന് കഴിയുമ്പോൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അത്യന്തം കുറ്റകരമാണ് എന്നിരിക്കെ ഇത് ചമച്ചയാൾക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
story highlights- twentyfour news, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here