നാട്ടിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരിച്ചെത്താൻ ആവശ്യപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയം

കേരളത്തിലേക്ക് അവധിക്ക് പോയ ആരോഗ്യ പ്രവർത്തകരോട് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയം. സൗദിയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നവരോടാണ് മടങ്ങിച്ചെല്ലാൻ ആവശ്യപ്പെട്ടത്. നഴ്‌സുമാരടങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക് സൗദി ആരോഗ്യ മന്ത്രാലയം കത്തയച്ചു.
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ആരോഗ്യ പ്രവർത്തകരെ സൗദി ആരോഗ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്. സൗദിയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരോട് എത്രയും വേഗം മടങ്ങിച്ചെല്ലാനാണ് ആവശ്യം. നഴ്‌സുമാരടങ്ങുന്ന ആയിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചു.
ഡൽഹിയിലെ സൗദി എംബസിക്കാണ് ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കുന്നതിന്റെ ഏകോപന ചുമതല. പല ബാച്ചുകളായി മുഴുവൻ പേരെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യ ബാച്ചിന് കൊച്ചിയിൽ നിന്ന് റിയാദിലേക്ക് വിമാനം സജ്ജമാക്കിയിട്ടുണ്ട്. മെയ് 13നാണ് വിമാനം പ്രതീക്ഷിക്കുന്നത്. ഈ വർഷമാദ്യം ലീവിന് നാട്ടിലെത്തിയവരാണ് പകുതിയിലധികം ആരോഗ്യപ്രവർത്തകരും.
read also:സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും: ഇന്ത്യൻ അംബാസിഡർ
അതേസമയം ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർക്ക് മടങ്ങിപ്പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകണമെന്ന് ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അവധിയിൽ ഉളളവർക്ക് തങ്ങൾ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകാൻ തയാറെടുപ്പുകൾ നടത്താം. ഇവരെ മടക്കിക്കൊണ്ടുപോകുന്നതിന് അതാത് രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Story highlights-saudi asks to return health workers kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here