പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും

kannur airport

പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും. ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിൽ 170 ലേറെ പ്രവാസികളാണ് എത്തുക. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ എയർ പോർട്ടിൽ പൂർത്തിയായതായി വിമാനത്താവളത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായിൽ നിന്നുള്ള പ്രവാസികളുമായി വിമാനം എത്തുക. എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ 170 ലേറെ യാത്രക്കാർ ഉണ്ടാവുമെന്നാണ് പ്രാഥമിക വിവരം. സാമൂഹിക അലകം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷൻ നടപടികൾക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗർഭിണികൾ, ഗർഭിണികളുടെ കൂടെയുള്ള പങ്കാളികൾ, 14 വയസിനു താഴെയുള്ള കുട്ടികൾ വയോജനങ്ങൾ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും.

വിമാനത്താവളത്തിൽ വച്ച് വിശദമായ സ്‌ക്രീനിംഗിനു വിധേയരാക്കും. ക്വാറന്റീനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്ക്കരണവും നൽകും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തിൽ ഒരുക്കിയിട്ടുണ്ട്.  കണ്ണൂർ ജില്ലയിലേക്ക് പോകേണ്ടവരെയും അയൽ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുക. ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്ആർടിസി ബസുകളുമുണ്ടാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണം. ഇതിനായി പെയ്ഡ് ടാക്‌സി സൗകര്യം ലഭിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തിൽ ചേർന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി.

Story highlight: The first flight with NRI’s to Kannur airport will arrive on Tuesday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top