സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ ഹൃദയവുമായി

സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ ഹൃദയവുമായി. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസായാണ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ.
ശനിയാഴ്ച രാവിലെ കൊച്ചി ലിസി ആശുപത്രിയിൽ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തിയ വിദഗ്ധസംഘമായിരിക്കും ഹൃദയവുമായി ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരികെ കൊച്ചയിലെത്തുക. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50 കാരിയുടെ ഹൃദയമാണ് കൊച്ചിയിലെ രോഗിക്ക് മാറ്റി വയ്ക്കുന്നത്. രാവിലെ 11 മണിയോടെ കിംസിൽ ഹൃദയം മാറ്റുന്നതിന്റെ ശസ്ത്രികയ നടക്കും.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനായി ഒന്നരക്കോടി രൂപ പവൻ ഹാൻസ് കമ്പനിക്ക് കൈമാറിയത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ അടക്കം വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. സർക്കാർ ട്രഷറിയിൽ നിന്നും ഹെലികോപ്റ്ററിനായി പണം പിൻവലിച്ചതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ വിശദീകരണം.
സ്വന്തമായി ഹെലികോപ്റ്റർ വാങ്ങുന്നതിനെക്കാൾ നല്ലത് വാടകയ്ക്ക് എടുക്കുന്നതാണെന്നു മനസിലായതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിവാദത്തിൽ നടത്തിയ പ്രതികരണം. സംസ്ഥാനത്തിന് ഹെലികോപ്റ്റർ ഇല്ലാത്തത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം ഹെലികോപ്റ്റർ സൗകര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story highlight: The first flying of a government helicopter came to the heart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here