കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരും; ഇന്ത്യയെ വിമർശിച്ച് പാകിസ്താൻ

ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നത് വിമർശിച്ച് പാകിസ്താൻ. ഇത് നിയമപരമായി നിലനിൽക്കില്ലെന്നും പാകിസ്താൻ അറിയിച്ചു. കഴിഞ്ഞ ദിവസം തൊട്ട് ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലൂടെ പാക് അധീന കശ്മീരിലെ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥ പ്രവചിച്ചിരുന്നു. ഈ പ്രദേശങ്ങളെ കൂടി കാലാവസ്ഥ പ്രവചന പട്ടികയിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. ഇന്ത്യ കഴിഞ്ഞ വർഷം പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടങ്ങളിലും ഇത്തരത്തിൽ പാക് അധീന പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾക്ക് എതിരാണെന്നാണ് പാകിസ്താന്റെ വാദം. പ്രശ്‌നങ്ങളുണ്ടാക്കാനുള്ള മറ്റൊരു ഇന്ത്യൻ നടപടിയെന്നാണ് പാകിസ്താൻ വിദേശ ഓഫീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യ പുറത്തിറക്കിയ പുതിയ മാപ്പുകളിലും പാക് അധീന കശ്മീർ പ്രദേശങ്ങൾ പുതിയതായി രൂപം കൊണ്ട ജമ്മുകശ്മീർ യൂണിയൻ ടെറിട്ടറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗിൽജിത് എന്ന സ്ഥലം പാകിസ്താൻ അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നതും മുസാഫറാബാദ് പാക് അധീന കശ്മീരിലുമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here