Advertisement

‘നാവിക സേനയെ വാക്കുകൾ കൊണ്ട് പ്രശംസിച്ചാൽ കുറഞ്ഞു പോകും’; ഐഎൻഎസ് ജലാശ്വയിൽ യാത്ര ചെയ്ത മലയാളി എഴുതുന്നു

May 11, 2020
2 minutes Read
facebook post ins jalashwa
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തിയത്. 440 മലയാളികളുമായി എത്തിയ ജലാശ്വയിലെ യാത്ര യാത്രക്കാർക്കെല്ലാം പുതുമയായിരുന്നു. യുദ്ധക്കപ്പലിൽ 36 മണിക്കൂർ നീണ്ട യാത്ര ഇതിനു മുൻപോ ശേഷമോ സംഭവിക്കാൻ തീരെ സാധ്യത ഇല്ലാത്തതാണ്. ജലാശ്വയിൽ ഉണ്ടായിരുന്ന പ്രദീപ് മങ്ങാട്ട് എന്ന പാലക്കാട് സ്വദേശി പറയുന്നതും ഇത് തന്നെയാണ്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതിയ കുറിപ്പിലാണ് പ്രദീപ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

Read Also: ഐഎൻഎസ് ജലാശ്വയിൽ എത്തിയ തിരുവല്ല സ്വദേശി കുഞ്ഞിന് ജന്മം നൽകി

പ്രദീപ് മങ്ങാട്ടിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

മാലിദ്വീപിൽ നിന്നും ഐഎൻഎസ് ജലാശ്വയിൽ 36 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്നലെ ഉച്ചയോട് കൂടി കൊച്ചിയിൽ എത്തി. നാട്ടിൽ എത്തിച്ച ഇന്ത്യൻ നാവികസേനക്ക് ഒരു ബിഗ് സല്യൂട്ട്. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു, കുറച്ചു സമയമാണെങ്കിലും അവരോടൊപ്പം ചിലവിടാൻ കഴിഞ്ഞതിൽ. ഇടയ്ക്കാലോചിക്കുകയും യാത്രക്കിടയിൽ തന്നെ ചർച്ച ആവുകയും ചെയ്തതാണ്, നമ്മുടെ സിനിമകൾ എന്തേ കരസേനയേയും വ്യോമസേനയെയും പരിഗണിക്കുന്നത് പോലെ നാവിക സേനയെ പരിഗണിക്കാത്തത് എന്ന്. ഇനി ഞാൻ കാണാതെ പോയ അവർ വിഷയമാവുന്ന സിനിമകൾ ഉണ്ടോയെന്നും അറിയില്ല.! ആദ്യ കപ്പൽ യാത്ര എന്നുള്ള ടെൻഷനോ ഭയമോ അല്ല, ആകാംക്ഷയായിരുന്നു മനസ്സ് നിറയെ. മാലിദ്വീപിലെ ഇന്ത്യൻ എംബസിയും കുറച്ചു സന്മനസുള്ള ചെറുപ്പക്കാരും കൂടി ദിവസങ്ങളോളം ഉറക്കമിളച്ചുള്ള പ്രയത്നത്തിന്റെ ഫലമാണ് സമുദ്ര സേതു എന്ന മിഷനിൽ ഈ കുഞ്ഞു ദ്വീപ സമൂഹമായ മാലിദ്വീപിലെ ഇന്ത്യക്കാരെ കൂടെ പരിഗണിക്കാൻ ഇടയാക്കിയത്.

കുറ്റം പറയുന്നത് പോലെ ഇത്രയും എളുപ്പമുള്ള ജോലി വേറെ കാണില്ല. അത് കൊണ്ട് അതിനൊക്കെ അത്ര മാത്രമേ വില കൊടുക്കാവൂ എന്ന്, ഇത്രയധികം ആളുകൾ യാതൊരു ലാഭേച്ഛയുമില്ലാതെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് കണ്ടും കേട്ടും അറിഞ്ഞതിൽ നിന്ന് ഉൾക്കൊണ്ട ചെറിയ പാഠമാണ്. വിരലിൽ എണ്ണാവുന്ന ഉദ്യോഗസ്ഥരെയും വെച്ചാണ് മാലി എയർപോർട്ടിൽ എംബസി ചെക്കിങ്ങും മറ്റു നടപടി ക്രമങ്ങളും ഏർപ്പാടാക്കിയത്. അതിനിടയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാനും അവർ മറന്നില്ല. എന്നാൽ എയർപോർട്ടിൽ എത്തിയ യാത്രക്കാർ പലരും ചെയ്തത് ഈ കഷ്ടപ്പാടിനെ ഒക്കെ വൃഥാവിലാക്കുന്നത് പോലെ ആയിരുന്നു. കൂട്ടത്തോടെ ചെക്കിങ് ചെയ്യാനായി ഉന്തി തള്ളുകയും അവരുടെ നിർദ്ദേശങ്ങൾ പാടെ അവഗണിക്കുകയും ചെയ്തു. ജോലി ഇരട്ടിയാവുക മാത്രമാണ് യാത്രക്കാരിൽ നിന്ന് അവർക്ക് കിട്ടിയ സഹായം. നിരവധി തവണ അപേക്ഷിച്ചതിന് ശേഷമാണ് കാര്യങ്ങൾ അൽപ്പം നിയന്ത്രണത്തിൽ ആയത്. തുടർന്ന് എയർപോട്ടിലെ നടപടികൾ തീർത്ത് കപ്പലിനടുത്ത് എത്തിച്ചു. അവിടെയും സുരക്ഷാ വസ്ത്രങ്ങൾക്കുള്ളിൽ മാസ്ക്കും കണ്ണടയും ഒക്കെ ധരിച്ചു ആ പൊരി വെയിലിൽ ക്ഷമയോടെ തുടർ നടപടികൾക്ക് നാവിക സേന ചുക്കാൻ പിടിച്ചു. സ്ത്രീകൾക്ക് വരിയിൽ ഇരിക്കുന്നതിനും അവരുടെ ലഗ്ഗേജുകൾ അകത്തേക്ക് എത്തിക്കാനും ഒക്കെ അവർ ശ്രദ്ധിച്ചിരുന്നു. എല്ലാം കഴിഞ്ഞ് ഏതാണ്ട് 2 മണിയോടെയാണ് ഞാൻ കപ്പലിനകത്ത് കയറിയത്.

അകത്ത് കയറിയപ്പോൾ ആദ്യം ഒന്നു അമ്പരന്നു എന്നുള്ളത് സത്യവുമാണ്. അധികം അകലത്തിൽ അല്ലാതെ കുറെ ബെഡുകൾ ഇട്ടിരിക്കുന്ന ഒരു വലിയ ഹാൾ. മറ്റു ക്യാബിനുകളിൽ ആണെങ്കിൽ ട്രെയിനിലെക്കാൾ അകലം കുറഞ്ഞ ബെർത്തുകൾ. ശുചിമുറികൾ പലതും ശോകമായിരുന്നു. ഹാളിൽ ഒഴികെ എല്ലായിടത്തും എയർ കണ്ടീഷൻ ഉണ്ടെങ്കിലും ചിലത് പ്രവർത്തനരഹിതമായിരുന്നു. എന്റെ ഭാഗ്യം കൊണ്ടാവണം അങ്ങനെ ഒരു ക്യാബിൻ ആയിരുന്നു എനിക്ക് കിട്ടിയത്. എല്ലാ യാത്രക്കാരെയും ഓരോ ക്യാബിനിലേക്കും ബെഡുകളിലേക്കും ആക്കിയ ശേഷം കപ്പൽ പുറപ്പെടുമ്പോൾ സമയം രാത്രി 10.30-11. അതിനു മുന്നേ തന്നെ അത്താഴം വിളമ്പി. ചെന്ന് നോക്കിയപ്പോൾ ഓർമ്മ വന്നത് പുലിമുരുകൻ FDFS നു ടിക്കറ്റ് കൗണ്ടറിലെ തിരക്കായിരുന്നു. അത്രയധികം ആളുകൾ ഭക്ഷണത്തിന് തിരക്ക് കൂട്ടുന്നു. എല്ലാവർക്കും കിട്ടും, തിരക്ക് കൂട്ടരുത് എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടും യാതൊരു കുലുക്കവുമില്ല (അടച്ചാക്ഷേപ്പിക്കുകയല്ല. 100 ൽ അധികം വരുന്ന തമിഴർ ആയിരുന്നു ഈ കൂട്ടം കൂടുന്നതിൽ മുന്നിൽ). ഒടുവിൽ അവർക്ക് സ്വരം കടുപ്പിക്കേണ്ടി വന്നു. ആളുകളെ വരുതിയിൽ ആക്കാൻ. എന്റെ ക്യാബിനിലെ സഹിക്കാൻ പറ്റാത്ത ചൂട് കാരണം ഉറക്കം എന്നുള്ളത് വെറും വ്യാമോഹമായി മാറിയെങ്കിലും (റിസോർട്ടിലെ എസി മുറിയിൽ ഒരു പുലർച്ചയായാലും ഉറങ്ങാൻ കൂട്ടാക്കാത്ത മൊബൈലിൽ കുത്തിയിരുന്ന നാളുകൾ മനസ്സിൽ തെളിഞ്ഞു) മറ്റൊരു ക്യാബിനിൽ എസി യുടെ കാറ്റ് ലഭിക്കുന്ന ഒരു മൂലയിൽ കസേരയിട്ട് വെളുക്കുവോളം ഉറങ്ങാൻ ശ്രമിച്ചു കൊണ്ടേയിരുന്നു!!

അടുത്ത ദിവസം കാര്യങ്ങൾ എളുപ്പമായിരുന്നു. കപ്പലിലെ രീതികൾ നമ്മൾ ശീലിച്ചു തുടങ്ങിയതിന്റെ ആവും. തിരക്ക് ഇല്ലാതെ ഭക്ഷണം കിട്ടുന്ന സമയവും, രണ്ടാം നിലയിലെ ലാസ്റ്റ് കോർണറിൽ ഉള്ള കുളിമുറിയിൽ രാത്രി 12 കഴിഞ്ഞാൽ വൃത്തിയിൽ കാര്യങ്ങൾ സാധിക്കും എന്നൊക്കെ വളരെ പെട്ടെന്ന് തന്നെ മനസിലാക്കി. മലയാളി പൊളിയല്ലേ. രാത്രി നടുക്കടലിൽ രാജ്യത്തിലെ ഒരു യമണ്ഡൻ യുദ്ധകപ്പലിന്റെ ഫ്ലൈ ഡെസ്ക്കിൽ നക്ഷത്രങ്ങൾ നോക്കി നിൽക്കെ “എക്സ്ട്രാക്ഷൻ” കണ്ടോണ്ടിരിക്കാൻ എന്ത് രസമാണെന്നോ.

രാവും പകലും കഷ്ടപ്പെടുന്നതിനടയ്ക്ക് അവരാൽ കഴിയും വിധം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റി തരാൻ സന്നദ്ധരായി നിലകൊണ്ട നാവിക സേനയെ വാക്കുകൾ കൊണ്ട് പ്രശംസിക്കുന്നത് ഒക്കെ തീരെ മോശമായി പോകും. ഇന്നലെ ഉച്ചയോടെ കൊച്ചിയിൽ എത്തിയ ആളുകളെ കൃത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ എമിഗ്രെഷൻ നടപടികൾ തീർത്ത് ജില്ലകൾ തിരിച്ചുള്ള കെഎസ്ആർടിസി ബസുകളിൽ ക്വാറന്റിൻ സെൻ്ററുകളിൽ എത്തിച്ചു. ഇന്നിപ്പോൾ ചൂട് ചോറും സാമ്പാറും തോരനും കഴിച്ചു സുഖമായി ഇരുന്ന് ഈ കാര്യങ്ങൾ കുത്തിക്കുറിക്കുന്ന ഈ നിമിഷം വരെയും കാര്യങ്ങൾ ഒക്കെ ഉഷാർ.

പ്രശ്നങ്ങളും പിഴവുകളും ഒക്കെ പലയിടത്തും ഉണ്ടായി. നമ്മൾ അത് കൈകാര്യം ചെയ്യുന്ന പോലെയിരിക്കും റിസൾട്ട്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും എല്ലാം കഷ്ടപ്പെടുന്നത് പാഴാവില്ല. അതിനിടങ്കോലിട്ട് തമ്മിൽ തല്ലിക്കാനും കാര്യങ്ങൾ വഷളാക്കാനും ശ്രമിക്കുന്ന നികൃഷ്ടജീവികളെ പാടെ അവഗണിക്കുന്നതാണ് ഉത്തമം.

** കുറ്റമായിട്ടല്ല, ഗർഭിണികളും കൈകുഞ്ഞുങ്ങളും കൂട്ടത്തിൽ ഉണ്ടെന്ന് അറിയാവുന്ന സ്ഥിതിക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ ഒരു യുദ്ധകപ്പലിന്റെ പരിമിതികളെ കുറിച്ചു മുൻകൂട്ടി ധാരണ നൽകാമായിരുന്നു. ചിലർ വല്ലാതെ ബുദ്ധിമുട്ടുകയും കരയുകയും ഒക്കെ ചെയ്തിരുന്നു. ഒരാൾ ഇന്നലെ കൊച്ചിയിൽ എത്തി വൈകാതെ പ്രസവിക്കുകയും ചെയ്തു. അതിനകത്ത് വെച്ചായിരുന്നെങ്കിൽ എന്തേലും പ്രശ്നമായി ഈ കഷ്ടപ്പാടെല്ലാം വെള്ളത്തിൽ ആയേനെ.

Story Highlights: facebook post about ins jalashwa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement