ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ കണക്കുകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ല: രമേശ് ചെന്നിത്തല

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കണക്കുകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തമായി വാഹനം ഇല്ലാത്ത ആളുകള്‍ പാസിന് അപേക്ഷിക്കാന്‍ പോലുമാവാതെ ബുദ്ധിമുട്ടുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ ഇല്ല. ഏതൊക്കെ സംസ്ഥാനങ്ങളില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് ഇല്ല. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായ ആളുകള്‍ അടക്കം നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. പിറന്ന നാട്ടില്‍ വരാനുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏതെല്ലാം സംസ്ഥാനങ്ങളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്നകാര്യത്തില്‍ സര്‍ക്കാരിന്റെ കൈയില്‍ കണക്ക് ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അത്തരത്തില്‍ ഒരു കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല. കുടുങ്ങിക്കിടക്കുന്നവരെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ടുവന്നാല്‍ മതി. അതിര്‍ത്തികളില്‍ പരിശോധന നടത്തണം. ഇതിനൊന്നും ആരും എതിരല്ല. മരുന്നിന് പോലും പണമില്ലാതെ കഷ്ടപ്പെടുമ്പോള്‍ നിയമങ്ങളുടെ നൂലാമാല പറഞ്ഞ് അവരെ കഷ്ടപ്പെടുത്തരുത്. മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മലയാളികളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല. നാല് ഏയര്‍പോര്‍ട്ടുകളില്‍ ഒരുക്കിയ സംവിധാനങ്ങള്‍ ആറ് ചെക്‌പോസ്റ്റുകളില്‍ ഒരുക്കിയാല്‍ മതിയായിരുന്നു. മലയാളികളെ തിരികെ കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ അയക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: ramesh chennithala, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top