പ്രവാസി ക്വാറന്റീൻ വിഷയം; കേന്ദ്ര സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പ്രവാസി ക്വാറന്റീൻ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ആവശ്യം. അതേസമയം, ക്വാറന്റീൻ വിഷയത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇന്നും ഹൈക്കോടതിയിൽ ഏറ്റുമുട്ടി.

സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാനം തിരിച്ചടിച്ചു. ഓരോ സംസ്ഥാനങ്ങളും അവർക്ക് ആവശ്യമുള്ള രീതിയിൽ മാനദണ്ഡങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രതിരോധത്തിന്റെ താളം തെറ്റും. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രവാസികളുടെ ക്വാറന്റീൻ പ്രോട്ടോക്കോൾ തയാറാക്കിയതെന്നും കേന്ദ്രം നിലപാടെടുത്തു.

അതേസമയം, വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഏഴു ദിവസം ആക്കുന്നതിൽ അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി. വീട്ടിൽ പോയാലും ഇവർ ക്വാറന്റീനിൽ തുടരുമെന്നും ഇവർ ക്വാറന്റീനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Story highlight: Expat Quarantine Subject; High court seeks immediate decision of central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top