റെയിൽവേ സ്റ്റേഷനുകളിൽ കനത്ത സുരക്ഷയുമായി കേരളാ പൊലീസ്

ട്രെയിനുകൾ വീണ്ടും സർവീസ് ആരംഭിച്ചതോടെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കനത്ത സുരക്ഷ. ന്യൂഡൽഹി-തിരുവനന്തപുരം സ്‌പെഷ്യൽ രാജധാനി ട്രെയിനിൽ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഡിഐജി എ അക്ബറിനെ നിയോഗിച്ചു. മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്. ഓരോ റെയിൽവേ സ്റ്റേഷനിലും മൂന്ന് ഓഫീസർമാരേയും ഒരു പ്ലാറ്റൂൺ പൊലീസിനെയും വീതം വിന്യസിക്കാനാണ് തീരുമാനം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമെത്തുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇൻറേണൽ സെക്യൂരിറ്റിയുടേയും റെയിൽവേയുടേയും ചുമതലയുള്ള ഡിഐജി എ അക്ബറിനെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഡോ. ഷെയ്ക് ദർവേഷ് സഹേബിനാണ് മേൽനോട്ട ചുമതല. മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായും നിയോഗിച്ചു.

തിരുവനന്തപുരത്ത് വനിതാ ബറ്റാലിയൻ കമാണ്ടന്റ് ഡി ശിൽപ്പ,ആലുവയിൽ കെഎപി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് അരവിന്ദ് സുകുമാർ, കോഴിക്കോട് കെഎപി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് ആർ വിശ്വനാഥ് എന്നിവരെയാണ് നിയോഗിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ ക്രമീകരണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത് അതത് ജില്ലാ പൊലീസ് മേധാവിമാരായിരിക്കും.

ഓരോ റെയിൽവേ സ്റ്റേഷനിലും മൂന്ന് ഓഫീസർമാരേയും ഒരു പ്ലാറ്റൂൺ പൊലീസിനെയും വീതം വിന്യസിക്കുന്നത് കൂടാതെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരുമിച്ച് പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ല. തിരക്ക് പരിഗണിച്ച് തിരുവനന്തപുരം, ആലുവ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ജനമൈത്രി പൊലീസിന്റെ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വീടുകളിലേക്ക് പോകാൻ പ്രത്യേക പാസിന്റെ ആവശ്യമില്ലെന്നും പാസിന് പകരമായി ട്രെയിൻ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണെന്നും ഡിജിപി അറിയിച്ചു.

 

kerala police, coronavirus, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top