കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര പാസ് നിഷേധിച്ച് തമിഴ്നാട്
കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര പാസ് നിഷേധിച്ച് തമിഴ്നാട്. മടങ്ങി വരാനായി കേരളത്തിന്റെ പാസ് കിട്ടിയവർക്ക് തമിഴ്നാട് സർക്കാരിന്റെ നടപടി വലിയ തിരിച്ചടിയായിരിക്കുകയാണ്. പാസിന് അപേക്ഷവർക്ക് അപേക്ഷ നിരസിച്ചതായി അറിയിച്ചുകൊണ്ട് തമിഴ്നാട് പൊലീസിന്റെ സന്ദേശം ലഭിച്ചു.
ഞായറാഴ്ച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും ഡിജിപിമാർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ കേരളത്തിന്റെ പാസ് ലഭിച്ചശേഷം മാത്രമെ തമിഴ്നാടിന്റെ പാസിന് അപേക്ഷിക്കാവൂ എന്ന നിർദേശം ഉണ്ടായിരുന്നു. ഇതാണ് തമിഴ്നാട് പാസിന് അപേക്ഷിച്ചരുന്നവർക്ക് തിരിച്ചടിയായത്. ആയിരക്കണക്കിന് മലയാളികളാണ് ഇതുമൂലം നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിയത് കൊവിഡ് വ്യാപനം വലിയ രീതിയിൽ തമിഴ്നാടിനെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുമ്പോഴാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്താൻ മലയാളികൾ ആഗ്രഹിക്കുന്നത്. എന്നാൽ, മടങ്ങിപ്പോകുന്നതിന് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി വലിയ നിരാശയിലേക്കാണ് അവരെ തള്ളിയിട്ടിരിക്കുന്നത്.
അതേസമയം, വിവാഹം, മരണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി മടങ്ങിപ്പോകേണ്ടവർക്ക് തമിഴ്നാട് പാസ് അനുവദിക്കുന്നുണ്ട്. അല്ലാത്ത യാത്രകൾക്കാണ് പാസ് നിഷേധിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്തെയും എത്തിച്ചേരുന്ന സംസ്ഥാനത്തെയും പാസ് നിർബന്ധമാണെന്നിരിക്കെ തമിഴ്നാട് സർക്കാർ പാസ് നിഷേധിക്കുന്നതോടെ കേരളത്തിന്റെ പാസ് കിട്ടിയാലും ആർക്കും സംസ്ഥാന അതിർത്തി കടന്ന് കേരളത്തിലേക്ക് വരാൻ കഴിയില്ല.
Story highlight: Those who wish to return to Kerala will be denied a pass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here