Advertisement

കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിന് കരുത്തേകി വാര്‍ഡ്തല സമിതികള്‍

May 13, 2020
Google News 1 minute Read
KOTTAYAM

കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള ഹോം ക്വാറന്റീന്‍ സംവിധാനം കുറ്റമറ്റ രീതിയില്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കുന്നത് വാര്‍ഡ്തല നീരീക്ഷണ സമിതികളുടെ പിന്‍ബലത്തില്‍. പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിനുള്ള സൗകര്യം വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതുമുതല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്നതുവരെ നീളുന്നതാണ് ഇവരുടെ സേവനം.

കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ താമസിക്കുന്നവരെയും ബോധവത്കരിക്കുക, ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യ സേവനങ്ങളും ലഭ്യമാക്കുക, എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില വിലയിരുത്തി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ വിവരം നല്‍കുക തുടങ്ങി സുപ്രധാന ചുമതലകളാണ് സമിതി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആശാ വര്‍ക്കര്‍, അങ്കണവാടി അധ്യാപിക, ജനമൈത്രി പൊലീസ് പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തക, റസിഡന്റ്‌സ് അസോസിയേഷന്റെയോ പ്രദേശവാസികളുടെയോ പ്രതിനിധി, പ്രദേശത്തെ സാമൂഹ്യസേവന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നിവരാണ് അംഗങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചു തുടങ്ങിയതോടെ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ മുതല്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇവര്‍ വിവരശേഖരണം നടത്തുന്നത്.

ക്വാറന്റീനില്‍ കഴിയുന്നവരും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് തയാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനൊപ്പം സംശയങ്ങള്‍ ദൂരികരിക്കുകയും ചെയ്യുന്നു. ആര്‍ക്കെങ്കിലും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ മതിയായ സൗകര്യമില്ലെന്ന് സമിതിക്ക് ബോധ്യപ്പെട്ടാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ സൗകര്യമൊരുക്കുന്നതിന് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കാം. ക്വാറന്റീനില്‍ കഴിയുന്നവരെയോ കുടുംബാംഗങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നിയമ നടപടി ശുപാര്‍ശ ചെയ്യാനും കഴിയും.

Story Highlights: kottayam, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here