സംസ്ഥാനത്ത് ഈ വര്‍ഷം സാധാരണയില്‍ കൂടുതല്‍ മഴയുണ്ടാകും; ഓഗസ്റ്റില്‍ അതിവര്‍ഷവും; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധര്‍

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സാധാരണ നിലയിലായാല്‍ തന്നെ, ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കൊവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാത്ത്‌റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനുള്ള കെട്ടിടങ്ങള്‍ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി കെട്ടിടങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയാറെടുത്തേ പറ്റൂ.
കൊവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍.
ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല. സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വൊളന്റിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു
എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് 3,434 കോടി രൂപയുടെ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്: മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും: മുഖ്യമന്ത്രി
Story Highlights: heavy rain kerala,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here