തടവുകാര്‍ മാസ്കും സാനിറ്റൈസറും ഒരുക്കുന്നു; കോട്ടയം ജില്ലാ ജയിലിൽ നിന്ന് പൊതുജനങ്ങൾക്കും മാസ്കുകൾ വാങ്ങാം

MASK AND SANITIZER

കൊവിഡ് പ്രതിരോധത്തിനായി തടവുകാര്‍ തയാറാക്കിയ മാസ്കുകളും സാനിറ്റൈസറും വിറ്റയിനത്തില്‍ കോട്ടയം ജില്ലാ ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മിതമായ നിരക്കില്‍ മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിര്‍ദേശപ്രകാരം മാര്‍ച്ച് മാസത്തില്‍തന്നെ പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം ഇവിടെ ആരംഭിച്ചിരുന്നു.

തയ്യല്‍ ജോലിയില്‍ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകള്‍ ഒരുക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്. തയ്യല്‍ അറിയാവുന്ന സഹതടവുകാര്‍ ഇവരെ പരിശീലിപ്പിച്ചു. പ്രതിദിനം നാനൂറോളം മാസ്കുകള്‍ ഇവര്‍ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ഒന്നിന് പത്തു രൂപയാണ് വില.

തിരുവല്ല ഷുഗര്‍ മില്ലില്‍നിന്ന് വാങ്ങിയ നൂറു ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരാണ് 500 കുപ്പി സാനിറ്റൈസര്‍ തയാറാക്കിയത്. കോട്ടയം ബിസിഎം കോളജ് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റും കോട്ടയം ജനറല്‍ ആശുപത്രിയും സാങ്കേതിക പിന്തുണ നല്‍കി. 200 മില്ലി ലിറ്ററിന് നൂറു രൂപയാണ് വില. വിലയിനത്തില്‍ ലഭിച്ച തുകയില്‍ മാസ്ക് നിര്‍മിച്ചവര്‍ക്ക് ദിവസക്കൂലിയിനത്തില്‍ 127 രൂപ വീതം വിതരണം ചെയ്ത ശേഷം തുക സര്‍ക്കാരിലേക്ക് നല്‍കുമെന്ന് സൂപ്രണ്ട് പി. വിജയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ ജയില്‍ ഓഫീസില്‍നിന്നും മാസ്കുകളും സാനിറ്റൈസറും വാങ്ങാം. ഫോണ്‍0481 2560572

Story Highlights: coronavirus, Covid 19, kottayam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top