നടന്നത് 30 കിലോമീറ്റർ; കുഞ്ഞുങ്ങളെ ആരെങ്കിലും മോഷ്ടിക്കുമെന്ന് പേടിച്ച് രാത്രി ഉറക്കമില്ല; ട്രെയിൻ യാത്രക്ക് പണമില്ല: തെരുവിലുറങ്ങി ഒരു കുടുംബം

30 കിലോമീറ്റർ നടന്നാണ് ജിതേന്ദർ സാഹ്നിയും ഭാര്യ വിഭ ദേവിയും മക്കൾക്കൊപ്പം ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഏഴ് വയസ്സുകാരിയായ അഞ്ജലിയും നാല് വയസ്സുകാരനായ വിശാലും മാതാപിതാക്കൾക്കൊപ്പം ഡൽഹി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത്, തെരുവിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സ്ക്രോൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: ആംബുലൻസ് ലഭിച്ചില്ല; ആശുപത്രിയിലേക്ക് നടന്ന് പോകവെ അമ്മയുടെ കൈയിൽ വച്ച് മൂന്ന് വയസുകാരൻ മരിച്ചു
ഹരിയാനയിലെ ഫരീദാബാദിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ജിതേന്ദർ സാഹ്നി. മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സാഹ്നിക്ക് വരുമാനം ഇല്ലാതായി. സാഹ്നിയെ ജോലിക്ക് നിയമിച്ച കോൺട്രാക്ടർ പണം നൽകിയില്ലെന്ന് മാത്രമല്ല, സാഹ്നിയുടെ നിരന്തരമായ ഫോൺ കോളുകൾ അവഗണിക്കുകയും ചെയ്തു. ഇടക്കിടെ എത്തുന്ന ഫുഡ് ട്രക്കിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവും 2000 രൂപയും കൊണ്ട് 50 ദിവസങ്ങൾ ആ കുടുംബം അതിജീവിച്ചു. 1500 രൂപ വിഭ ദേവിയുടെ അമ്മയുടെ വിധവാ പെൻഷൻ തുക ആയിരുന്നു. അത് അവർ ദമ്പതിമാർക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്തു നൽകി. 500 രൂപ ജൻ ധൻ യോജന അക്കൗണ്ടിലേക്ക് കേന്ദ്രം നൽകി. ഏഴ് മാസം ഗർഭിണിയാണ് വിഭ. അതുകൊണ്ട് എത്രയും വേഗം വീട്ടിലെത്തണമെന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന പണം ഏറിയ പങ്കും തീർന്നതോടെ ഈ കുടുംബം ഫരീദാബാദിൽ നിന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാൻ തീരുമാനിച്ചു.
രണ്ട് ദിവസമെടുത്തു യാത്രക്ക്. റെയിൽവേ സ്റ്റേഷനിൽ എത്തിയ അവരെ പൊലീസ് വിരട്ടിയോടിച്ചു. “സാദാ ട്രെയിനുകൾ ഓടുന്നില്ല. എസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്ന് പൊലീസുകാർ പറഞ്ഞു. പക്ഷേ, എസി ടിക്കറ്റിനു വേണ്ട 5000 രൂപ ഞങ്ങളോട് ഉണ്ടായിരുന്നില്ല. കുറച്ച് പണമെടുത്ത് ഞങ്ങളെ നിലത്തിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഞാൻ അപേക്ഷിച്ചു. പക്ഷേ, അവർ ഞങ്ങളെ ഓടിച്ചു വിട്ടു.”- ദമ്പതിമാർ പറയുന്നു.
Read Also: ലോക്ക് ഡൗൺ: 10 മാസം പ്രായമായ കുഞ്ഞിനെ തോളിൽ എടുത്ത് കാൽനടയായി രണ്ട് ദിവസം യാത്ര ചെയ്ത് ഒരു കുടുംബം
ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200 മീറ്ററുകൾ മാത്രം അകലെ തെരുവിലാണ് ഈ കുടുംബം കഴിയുന്നത്. “രാത്രിയിൽ ഞങ്ങൾ ഉറങ്ങാറില്ല. ഞങ്ങളുടെ മക്കളെ ആരെങ്കിലും മോഷ്ടിച്ചാലോ?”- വിഭ ദേവി ചോദിക്കുന്നു.
സന്നദ്ധ സംഘടനകൾ വെള്ളവും ഭക്ഷണവും നൽകുന്നുണ്ട്. പൊതു ശൗചാലയങ്ങൾ പണം നൽകിയാണ് ഇവർ ഉപയോഗിക്കുന്നത്. ശൗചാലയം നടത്തിപ്പുകാർക്ക് 10 രൂപ നൽകിയാണ് ഇവർ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത്.
Story Highlights: migrant workers walked 30 kilometres no money for train live in pavement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here