പെരുമ്പാവൂർ എംഎൽഎയുടെ നേതൃത്വത്തിൽ പാവപ്പെട്ട രോഗികൾക്ക് മരുന്നുമായി ‘മെഡിസിൻ ചലഞ്ച്’

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ‘മെഡിസിൻ ചലഞ്ച്’ പദ്ധതി. നിർധനരായ രോഗികൾ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ വിവിധതരം മരുന്നുകൾക്കായി നെട്ടോട്ടത്തിലാണ്. മരുന്നിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് ആവശ്യമുള്ള മരുന്നുകൾ മനുഷ്യ സ്‌നേഹികളുടെ സഹകരണത്തോടെ എത്തിച്ചു നൽകുന്ന പദ്ധതിയാണ് മെഡിസിൻ ചലഞ്ച്.

കഴിഞ്ഞ മാസം ഏഴാം തിയതി മുതൽ ആരംഭിച്ച പദ്ധതിയുടെ കീഴിൽ 24 ദിവസത്തിൽ തന്നെ 1500ഓളം രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകാൻ കഴിഞ്ഞു. പത്ത് ലക്ഷം രൂപയുടെ മരുന്നുകളാണ് കഴിഞ്ഞ മാസം മുതൽ ഈ മാസം ആറാം തിയതി വരെ എത്തിച്ച് നൽകിയത്.

ജീവിത ശൈലി രോഗങ്ങൾ (പ്രമേഹം, രക്ത സമ്മർദം, കൊളസ്ട്രോൾ), തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ, കാൻസർ, കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർക്കും അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയവർക്കും ആവശ്യമുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം സൗജന്യമായി എത്തിച്ച് നൽകുന്നത്. മരുന്ന് ആവശ്യമുള്ള നിർധനരായ രോഗികൾ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം അതാത് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേന പദ്ധതിയുടെ കോ – ഓർഡിനേറ്റർമാരെയോ എംഎൽഎ ഓഫീസിനെയോ ബന്ധപ്പെട്ടാൽ മരുന്നുകൾ ലഭ്യമാകും.

Read Also: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി വഖഫ് ബോർഡ്

കോർഡിനേറ്റർമാരായ മാത്യുസ് കാക്കൂരാൻ, ഷാൻ പി മുഹമ്മദ്, വോളണ്ടിയറായ അമർ മിശാൽ, എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അരുൺ വർഗീസ് പുതിയിടത്തുംകുടി എന്നിവരാണ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിലുള്ളത്. കൂടാതെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ പതിനായിരം മാസ്‌ക്, ആയിരം കൈയുറകൾ, 200 സാനിറ്റൈസർ എന്നിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മൂന്ന് പൊലീസ് സ്റ്റേഷനുകളിലുമായി ഇവർ വിതരണം നടത്തി. നിർധനനായ രോഗിക്ക് റിക്ലൈനർ ബെഡും ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് വാക്കറും പദ്ധതി പ്രകാരം എത്തിച്ചു നൽകുകയും ചെയ്തു.

സുമനസുകളുടെ സഹായത്താലാണ് പദ്ധതി യാഥാർത്ഥ്യമായത്. ചിലർ രണ്ടും മൂന്നും രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുത്തു. അൻപതോളം ആളുകളാണ് പദ്ധതിക്കുള്ള സാമ്പത്തിക സഹായവുമായി മുൻപോട്ട് വന്നത്.

 

eldhose kunnappally, medicine challenge, perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top