19
Oct 2021
Tuesday
Covid Updates

  അതി ജീവനത്തിന്റെ ആശ്വാസം നിറച്ച് ‘രഘുനന്ദനന്റെ കൊറോണക്കാല അനുഭവങ്ങൾ’

  ‘കൊറോണ എന്നാൽ ഒരിക്കലും ചികിത്സിച്ച് മാറ്റാൻ പറ്റാത്ത അസുഖം അല്ല, മനോനിയന്ത്രണവും മരുന്നും മെഡിക്കൽ സഹായവും കൊണ്ട് വളരെ ലളിതമായി മാറ്റാൻ കഴിയുന്ന ഒന്നാണ്….’ കൊവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് ലളിതവും ചിന്തോദ്ദീപകവുമായ ഒരു ചെറുകഥയിലൂടെ ജയപ്രകാശ് പുത്രിക്കോവിൽ നൽകുന്ന സന്ദേശമാണിത്. ‘രഘുനന്ദനന്റെ കൊറോണക്കാല അനുഭവങ്ങൾ’ എന്ന പേരിൽ ജയപ്രകാശ് എഴുതിയ ചെറുകഥ ഈ കെട്ടകാലത്തിന്റെ ഭീതിയ്ക്കിടയിൽ വായനക്കാരന്റെയുള്ളിൽ അതിജീവനത്തിന്റെ ആത്മവിശ്വാസം നിറയ്ക്കുകയാണ്. സരസമായ അവതരണത്തിലൂടെ ഗഹനമായൊരു ജീവിതവീക്ഷണമാണ് ജയപ്രകാശ് തന്റെ ചെറുകഥയിലൂടെ അടയാളപ്പെടുത്തുന്നത്.

  കൊറോണ പിടിപെട്ടാൽ എല്ലാം അവസാനിച്ചു എന്ന ചിന്തവേണ്ട. പ്രതിരോധിക്കാൻ കഴിയുന്നൊരു വ്യാധി മാത്രമാണത്. ആ പ്രതിരോധത്തിൽ വിജയിക്കാൻ ആദ്യം വേണ്ടത്, മനസിന്റെ ധൈര്യമാണ്. തോൽക്കില്ലെന്ന് സ്വയം തീരുമാനിച്ചു കഴിഞ്ഞാൽ, ഈ പോരാട്ടത്തിൽ നിങ്ങളോടൊപ്പം നിൽക്കാൻ സഹായികൾ വരും. ജയപ്രകാശ് പകർന്നു തരുന്ന ആത്മവിശ്വാമാണിത്. കാരണം, ഈ കഥയിലെ രഘുനന്ദൻ ഒരുപക്ഷേ നിങ്ങൾ ആയിരിക്കാം, അതല്ലെങ്കിൽ നിങ്ങളായി മാറാം.

  കഥയുടെ പൂർണരൂപം

  രഘുനന്ദന്റെ കൊറോണക്കാല അനുഭവങ്ങൾ..

  ഏപ്രിൽ 14 ,2020
  അന്നും പതിവ് പോലെ രഘു നന്ദൻ ഓഫീസിലെത്തി ജോലിയിൽ വ്യാപൃതനായി. കൃത്യം 10 മണി. അതാ മൊബൈൽ ബെല്ലടിക്കുന്നു. വലിയ ഏതോ ഭാരമേറിയ വസ്തു എടുക്കുന്ന പോലെ രഘു മൊബൈൽ ആൻസർ ചെയ് തു. “രഘു…. ഞാനാ സുന്ദർ… സംഭവം പോസിറ്റിവ് ആണ്. ” എന്തോ രാവിലെ മുതൽ പ്രതീക്ഷിച്ചിരുന്ന ഫോൺ വിളി പോലെ ഞാൻ തല കുലുക്കി. പിന്നെ പറഞ്ഞു ടെൻഷൻ അടിക്കേണ്ട എന്ന്. സുന്ദർ കൂടെ അപ്പാർട്ട്മെന്റ് ഇൽ താമസിക്കുന്ന ആളാണ്. അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു…. ഓഫീസിലെ സഹപ്രവർത്തരുടെ നെഞ്ചിൽ തീ കോരിയിട്ടു ഓഫീസിൽ നിന്നും പടിയിറങ്ങി. പുറത്തിറങ്ങി എന്തുവേണം എന്ന് ആലോചിച്ചു. ഉടനെ ഫോൺ എടുത്തു ബന്ധുവിനെ വിളിച്ചു. കാര്യം അവതരിപ്പിച്ചു. ബന്ധു ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോകാൻ ധാരണയായി. എന്തായാലും ടെസ്റ്റ് നടത്താം. പോയാൽ പോയി. കിട്ടിയാൽ കിട്ടി എന്ന മട്ടിൽ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു.
  നിരവധി കൊറോണ വൈറസുകളെ എടുത്തു അമ്മാനം ആടിയ പോലെ രഘു പറഞ്ഞു നിർത്തി. ഇതിലൊന്നും കാര്യമില്ല… ഇതൊക്കെ എന്ത്. ഉടനെ ടാക്സി വിളിച്ച് അപ്പാർട്ട്മെൻ്റിൽ എത്തിച്ചേർന്നു. മുൻ ധാരണ പ്രകാരം സുന്ദറിനെ അധികാരികൾ ഐസോലേഷനിലേക് മാറ്റാനുള്ള ചടങ്ങുകളിലെക് കടക്കുകയായിരുന്നു. ഞാൻ വേഗം എൻ്റെ ഡ്രസ്സ് കുറച്ച് എടുത്ത് ബാഗിലിട്ട് പുറത്തേക്ക് ഇറങ്ങി. ഞാൻ സുന്ദർ നോട് പറഞ്ഞു, don’t worry. ഇതൊന്നും കണ്ട്‌ പേടിക്കേണ്ട. എന്നൊക്കെ.ഇതിലപ്പുറം ചാടിക്കടന്നവനാ എന്ന മട്ടിൽ. എന്തോ അങ്ങിനെ ഒക്കെ പറഞ്ഞു പുറത്തിറങ്ങിയപ്പോൾ അദ്ദേഹവുമായി സംസാരിച്ചു. അഹ്ദേഹത്തോടു അധികാരികൾ കൂടെ താമസിക്കുന്ന ആളെ ക്കുറിച്ച് അന്വേഷിച്ചു. പുറത്ത് ഇറങ്ങി എന്താണ് അടുത്ത പ്ലാൻ എന്നൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ സുന്ദർ വിളിക്കുന്നു. നീ വേഗം ദുബായ്‌ അമേരിക്കൻ ഹോസ്പിറ്റലിൽ പോക്കോ. അവിടെ നിന്നും എന്നെവിളിച്ചു എന്ന് പറഞ്ഞു. ഞാൻ ചാടി ടാക്സി എടുത്ത് അമേരിക്കൻ ഹോസ്പിറ്റലിൽ പോയി. പോകുന്നു വഴി ബന്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു. എവിടെയെങ്കിലും പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു.

  ടാക്സിയിൽ കയറിയപ്പോൾ സ്വതവേ കൂടെ ഉണ്ടായിരുന്ന ചുമ അതിന്റെ പാരമ്യത്തിൽ എത്തിച്ചേരുവാനുള്ള ഒരു തത്രപ്പാടിൽ ആയിരുന്നു. ഉണ്ണിക്കണ്ണനെ ഉലക്കയിൽ കെട്ടിയിട്ട പോലെ ഞാൻ ചുമയെ അവിടെ അങ്ങ് കെട്ടിയിട്ടു. ഇല്ലെങ്കിൽ എന്നെ ടാക്സിയിൽ നിന്നും ഇറക്കി വിട്ടാലോ എന്ന ചിന്ത…..

  സമയം ഉച്ചയോടടുക്കുന്നു. വേഗം ഹോസ്പിറ്റലിൽ എത്തി കൊറോണ ടെസ്റ്റ് നടത്തണം എന്ന് പറഞ്ഞു. ചുമ നിയന്ത്രിച്ച് വച്ചതിനാൽ ആണെന്ന് തോന്നുന്നു… ബാണാ സുര ഡാം തുറന്നു വിട്ടപോലെ ചുമ അതിന്റെ പാരമ്യത്തിലേക്ക് കുതിച്ച് കടന്നു. വളരെ സൈലന്റ് ആയിരുന്ന ഹോസ്പിറ്റലിൽ പെട്ടെന്ന് എല്ലാവരും വന്നു എത്തി നോക്കി. ആരാ ഇങ്ങിനെ അമറുന്നതു… നേഴ്സ്മാരുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. കടുപ്പം തന്നെ ചുമ… സാമ്പിൾ കൊടുത്ത് തിരിച്ച് അപ്പാർട്ട്മെൻ്റിലേക്ക് പോയി.

  തിരിച്ച് ചെന്നപ്പോൾ ഒറ്റക്കാണല്ലോ…. ഇതെല്ലാം കൊറേ കണ്ടതാ എന്ന മട്ടിൽ ഭക്ഷണം കഴിക്കാനും ഒക്കെ തുടങ്ങി. ഭാര്യയെ വിവരം വിളിച്ച് പറഞ്ഞ് ഒന്ന് മയങ്ങാൻ കിടന്നു. ഉടനെ അതാ മൊബൈൽ ചറപറാ എന്ന് ബെല്ലടിക്കുന്നു. ഓഫീസിൽ നിന്നാണ്. എല്ലാവർക്കും ടെൻഷൻ. ഞാൻ എങ്ങാനും പോസിറ്റിവ് ആകുമോ? ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട. എനിക്ക് റിസൽട്ട് നെഗറ്റീവ് തന്നെ…. ഏത്? റിസൽറ്റ് ഉണ്ടാക്കുന്നത് ഞാൻ ആണ് എന്ന മട്ടിൽ എല്ലാവരെയും സമാധാനിപ്പിച്ചു.
  ദിവസം ഒന്ന് കടന്നു പോയി. പിറ്റെ ദിവസം ആയപ്പോഴേക്കും അതാ ചില വ്യത്യാസങ്ങൾ പ്രകടമായി തുടങ്ങി. അഫ നേയും ചെറിയമ്മയെയും നേരത്തേ വിവരം അറിയിച്ചതിനാൽ ചെറിയമ്മ ഇടക്കിടക്ക് വിളിച്ച് അന്വേഷിച്ച് കൊണ്ടേ ഇരുന്നു.. പിന്നെ നേരത്തെ ഞാൻ പറഞ്ഞ ബന്ധുവിന് ഒരു സ്വൈര്യവും കൊടുത്തിട്ടില്ല.

  ദിവസം രണ്ടിൽ നിന്നും മൂന്നിലേക് കടന്നപ്പോഴേക്കും രഘു വിന് ഏതാണ്ട് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയിരുന്നു. ഭാര്യയെ, അനിയനെ, അമ്മയെ ഒക്കെ വിളിച്ച് കാര്യം പറഞ്ഞു. ഇത് സംഭവം കൊറോണ എന്നെയും പിടി കൂടിയിരിക്കുന്നു…
  പിന്നെ പല കൊറോണ വൈറസ് നെയും എടുത്ത് കൈകാര്യം ചെയ്തവൻ എന്ന നിലയിൽ രഘു അങ്ങ് നിന്നു.മാനസികമായി തയ്യാറെടുത്തു. പോസിറ്റിവ് ആണ്. ഇത്രയും ആയാപ്പോളേക്കും രഘു നിന്ന നിൽപ്പിൽ കർണന്നായി മാറിയിരുന്നു. എവിടെയാ കൊറോണ ഇങ്ങോട്ട് വാ എന്ന മട്ടിൽ. ആരെയും എന്തും തകർക്കും എന്ന ഭാവത്തിൽ….

  സായാഹനം ആയപ്പോഴേക്കും പനി , ചുമ എന്നിവ അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. പതിവ് പോലെ, ബന്ധുവിനെ വിളിച്ച് പറഞ്ഞു. എനിക്ക്.വയ്യാ…. ഹോസ്പിറ്റലിലെ എമർജൻസിയിലേക്ക്‌ പോ… അവർ പറഞ്ഞു. ഉടനെ പോകാൻ റെഡി ആയി. അതാ മൊബൈൽ ചിലക്കുന്നു. ഫോൺ എടുത്തു. മറു തലക്കൽ അമേരിക്കൻ ഹോസ്പിറ്റലിൽ നിന്നാണ്. രഘു താങ്കളുടെ റിസൾട്ട് പോസിറ്റിവ് ആണ്. ഡിഗ്രി റിസൽറ്റ് വിളിച്ച് പറഞ്ഞ പോലെ . ഇപ്പോ എങ്ങിനെ ഉണ്ട്? ഞാൻ അവരുടെ റിസൾട്ട് വരുന്നതിനു മുൻപേ എന്റെ റിസൾട്ട് പോസിറ്റിവ് ആക്കിയവനാ…. എന്തായാലും… ഞാൻ പറഞ്ഞു
  എനിക്ക് വയ്യ … തീരെ….. അപ്പോ ഇനി എന്ത് എന്ന മട്ടിൽ ചോദ്യം… എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകൂ എന്ന് അഭ്യർഥിച്ച് ആംബുലൻസ് വരുന്നതും നോക്കി ഇരുന്നു. സമയം അതിക്രമിക്കുന്നു എന്ന് മനസ്സിലായപ്പോൾ ബന്ധു ആംബുലൻസ് അധികാരികളെ വിളിച്ച് ഉടനെ ഒരെണ്ണം അയക്കാൻ അഭ്യർത്ഥിച്ചു.

  എന്റെ അവസ്ഥ കുറച്ച് മോശം ആയി തുടങ്ങിയിരുന്നു…. ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായി നിന്നതിനാൽ ഭക്ഷണം ഉണ്ടായിരുന്നത് മുഴുവൻ കളഞ്ഞു എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി വച്ചു. വിശപ്പ് കൊല വിളി തുടങ്ങി. ഉടനെ സഹപ്രവർത്തകൻ ബിജു വിനെ വിളിച്ച് ദോശ തരുമോ എന്ന് ചോദിച്ചു. ഇതാ എത്തി എന്ന മറുപടി വന്നു അൽപ സമയം കടന്നു പോയി. ഉടനെ മൊബൈൽ ബെല്ലടിച്ചു. Rakhu , where are you now? ഞാൻ താമസ സ്ഥലം പറഞ്ഞ് കൊടുത്തു. ആംബുലൻസ് ആണ്. താഴേയ്ക്ക് എത്താൻ പറഞ്ഞു ഉടനെ ബാഗുമെടുത്ത് താഴേയ്ക്ക് കുതിച്ചു.
  താഴെ എത്തിയ സമയം അതി ഗംഭീരം… എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിവാദനം അർപ്പിക്കുന്ന സമയം എല്ലാവരും ബാൽക്കണിയിൽ നിൽപ്പുണ്ട്. എന്നെ കണ്ടതും ആംബുലൻസ് അധികാരികൾ മാറി ഒരു സ്ഥലത്ത് നിൽക്കു വാൻ പറഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ച് മെഡിസിൻ തരാം. വേറെ ആംബുലൻസ് വരും. എന്നിട്ട്
  ഹോസ്പിറ്റലിലേക്ക് കൊണ്ട് പോക്കൊളും. അവർ പറഞ്ഞു. പാവം ബിജു ദോശയും ചമ്മന്തിയും കൊണ്ട് വന്നു താഴെ നിന്നു. ഒരു വലിയ രോഗിയെ പോലെ നിൽപ്പാണ് ഞാൻ. അതാ വേറെ ഒരു ആംബുലൻസ് വരുന്നു. കൂടെ ഒരു പൊലീസ് ജീപ്പും. ആകെ കൺഫ്യൂഷൻ…. ഒരു രോഗി. രണ്ടു ആംബുലൻസ് , പോലീസ്.. ആകെ ജഗ പോക. ബിൽഡിങ്ങുകളിൽ നോക്കി നിന്നവർക്ക് എല്ലാം ആകെ വൈഷമ്യം… ഇത്രയധികം പ്രശ്നമോ …. ചേട്ടാ. എന്താ. ? brother what happend ? പലരും ഉറക്കെ വിളിക്കാൻ തുടങ്ങി.ആരെയും ശ്രദ്ധിച്ചില്ല.
  വൈകാതെ രഘു വിനെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് തിരിച്ചു . പോകുന്ന വഴി ചുമ അങ്ങ് വിളയാട്ടം തുടങ്ങിയിരുന്നു….

  ആശുപത്രി എത്തി. അതാ ഒരു മാലാഖ ഇറങ്ങി വരുന്നു… വരൂ… കൂടെ പോയി. എല്ലാ അതി നൂതന സൗകര്യങ്ങളും ഉള്ള ഒരു ഒരു വിശാലമായ റൂമിലേക്ക് എന്നെ ആക്കി അവർ വേഗം കതകടച്ചു ഓടിപ്പോയി. ഞാൻ നോക്കിയപ്പോൾ റൂം ഒക്കെ കൊള്ളാം. സ്മാർട്ട് ടിവി ആണ്. സമാധാനം ആയി. പിന്നെ ഭക്ഷണം കഴിച്ചില്ല എങ്കിലും വിശപ്പ് മാറും എന്ന മട്ടിൽ wifi password തപ്പി. ഹൊ സമാധാനം ആയി. കൊറോണ ഒക്കെ പറന്നു പോയ പോലെ…. ചാടി കട്ടിലിൽ കേറി കിടന്നു.
  മലയാളി നഴ്സ് ആണ്. സമാധാനം…. ബ്ലഡ് എടുക്കുന്നു.. സാമ്പിൾ എടുക്കുന്നു…. പനി കൂടുന്നു…. ഒരു സാൻഡ്വിച്ച് കഴിച്ച് വിശപ്പിനെ ഒതുക്കി നിർത്തി കിടന്നു. പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞപ്പോൾ ബ്രേക്ക് ഫാസ്റ്റ് വന്നു. American Hospital അല്ലേ… ഇഡലിയും ദോശയും വടയും ഒക്കെ പ്രതീക്ഷിച്ചിരുന്ന രഘു വിന്റെ മുൻപിലേക്ക്.അതാ വരുന്നു. എന്തോ ഉണക്ക bread… അയ്യയ്യേ ഇതെന്ത് ഹോസ്പിറ്റൽ ? ടിപ്പിക്കൽ ഭക്ഷണപ്രിയൻ ആയതു കൊണ്ട് ഒന്നും കഴിക്കാൻ പറ്റിയില്ല. പിന്നീട് സാധാരണ ടെസ്‌ട്ടുകൾ എല്ലാം തുടങ്ങി. നഴ്സ് മലയാളി ആണ്. ഭയങ്കര സമാധാനം… ഹൊ ഇടക്കിടക്ക് മാലാഖമാർ പ്രത്യക്ഷപ്പെടും… എന്നോട് ചോദിക്കും ഓകെ അല്ലേ ചേട്ടാ എന്നു. അത് കേൾക്കുമ്പോൾ ഹോ പിന്നെ ചുറ്റും നടക്കുന്നതൊന്നും ഒരു പ്രശ്നമല്ല എന്നു് തോന്നിപ്പോകും..….
  എക്സറേ എടുത്തപ്പോൾ ഓകെ ആണ്. എന്നാലും ചുമ കൂടിയപ്പോൾ അവർക് സംശയം തോന്നി സിടി സ്കാൻ ചെയ്തു. പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല. ഡോക്ടർ വന്ന് പറഞ്ഞു . കടുപ്പത്തിൽ മരുന്ന് കഴിക്കണം. എന്നാലേ അസുഖം മാറുകയുള്ളൂ…അതിനെന്താ? മരുന്നല്ലെ… നോ പ്രോബ്ലം. ഞാൻ എത്ര വേണമെങ്കിലും കഴിച്ചോളാം. ഡോക്ടർ ഞെട്ടിക്കാണും… ഇവൻ ഏതോ ഭയങ്കരൻ എന്ന മട്ടിൽ ആണല്ലോ… അങ്ങിനെ ആയിരുന്നു എന്റെ ഉത്തരം. വെള്ളപ്പൊക്ക സമയത്ത് കേരളത്തിലെ ഡാം എല്ലാം തുറന്നു വിട്ട പോലെ ആയിരുന്നു എന്റെ അവസ്ഥ…. എന്നാലും കട്ടക്ക് നിക്കാൻ ഞാൻ തീരുമാനിച്ചു. മരുന്നുകൾ വന്നു. ഞെട്ടിപ്പോയി… സമ്മത പത്രം ഒക്കെ നേരത്തേ ഒപ്പിട്ടു കൊടുത്തിരുന്നു… ഞാൻ കരുതി മരുന്നല്ലെ….. കിട്ടിയപ്പോൾ വളരെയധികം എണ്ണം ടാബ്‌ലറ്റ്.. അതും വലിയ അളവിൽ. ഞാൻ നഴ്സിനോട് ചോദിച്ചു. രാവിലെ മുതൽ വൈകീട്ട് വരെ ഇടക്കിടക്ക് കഴിക്കണോ?? Stupid.. ഇപ്പോ കഴിക്കണം എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി കുട്ടിമാമാ…..
  അവിടെയും ഇതൊക്കെ എന്ത് എന്ന മട്ടിൽ എല്ലാഗുളികകളും എടുത്ത് വിഴുങ്ങി. പോയി കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ആവേശത്തിന്റെ അലയടികൾ വന്നു തുടങ്ങിയിരുന്നു… എന്തായാലും അസുഖം മാറണം. വേറെ വഴിയില്ല…കൂട്ടുകാരനെ വിളിച്ച് പറഞ്ഞു… ഒന്ന് പോടാ… മര്യാദക്ക് മരുന്ന് മുഴുവൻ കഴിക്ക്‌ അസുഖം മാറട്ടെ. അവൻ മരുന്നിന്റെ കണക്ക് എടുക്കുന്നു…. തെറി കേട്ടപ്പോൾ സമാധാനം ആയി. പിന്നെ ബന്ധുവിനെ വിളിച്ച് ശല്യം തൊടങ്ങി. ബന്ധു എല്ലാ ദിവസവും നഴ്സ്മാരെ വിളിച്ച് കയ്യും കാലും പിടിച്ച് റിപ്പോർട്ടുകളെക്കുറിച്ച്‌ നഴ്സിനോട് ചോദിച്ചു കൊണ്ടിരുന്നു.
  ദിവസം 3 ആയപ്പോഴേക്കും ന്യൂമോണിയ കഠിനമായിരുന്നു. ഞാൻ അറിഞ്ഞില്ല. മരുന്നിൻ്റെ സൈഡ് എഫക്ട്. കുറച്ചു മറവി പോലെ. ഭക്ഷണം ഒരു വില്ലൻ ആയിരുന്നു.
  എന്തായാലുo സംഭവം വന്നു. ഇനി മാറണം രക്ഷയില്ല. അല്ലെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ചാടി പോകാമായിരുന്നു.
  വിടില്ല എന്ന മട്ടിൽ കൊറോണ രഘുവിനെ ചെറുതായി പിടിമുറുക്കി. ഉള്ളിൽ പേടിയൊക്കെ ഉണ്ട്. പിന്നെ എല്ലാവരും കൂടെ അങ്ങ് പൊക്കിയപ്പോൾ ഒരു സുഖം…
  കൊറോണ വൈറസിനെ എടുത്ത് അമ്മാനം ആടിയവൻ എന്ന മട്ടിൽ ഭാര്യയോട് സംസാരിക്കുന്നു. എന്നിരുന്നാലും സംസാരിക്കാൻ ചുമ സമ്മതിക്കില്ല. കരാട്ടെ പഠിക്കുന്നവർ കട്ടാസ് വച്ച് ബ്ലോക്ക് ചെയ്യുന്ന പോലെ….
  പോകുന്ന പോലെ പോകട്ടെ . രഘു വിട്ടുകൊടുത്തില്ല…. 4 ദിവസം കഴിഞ്ഞപ്പോൾ സാഹചര്യം മാറി. Lungs ന് പ്രശ്നമായി. ചുമ കൂടുതലും… ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടും… ഏത് സാഹചര്യത്തെയും എടുത്ത് അമ്മാനം ആടും എന്നൊക്കെ തോന്നിയ ആവേശം ചോർന്നൊലിക്കുവാൻ തുടങ്ങി.ഓക്സിജൻ്റെ അളവ് കുറഞ്ഞു തുടങ്ങി. ആധി കുറേശ്ശെ കേറി… കണ്ടപ്പോൾ 75-76 ശതമാനം എന്ന അളവിൽ…. കുറച്ച് നല്ലോണം കുറവാണ്. ഓക്സിജൻ മാസ്ക് ഇടാം. നഴ്സ് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനാ… എനിക്ക് കാര്യങ്ങൾ അറിയണം… എവിടെ.. ഒന്നും ആരും പറഞ്ഞില്ല… ഉടനെ വിളിച്ചു കൂട്ടുകാരനെ. ബന്ധുവിനെ . പറ്റാവുന്ന എല്ലാവരെയും…. എന്നെ കൊല്ലാൻ കൊണ്ട് പോകുന്നേ എന്ന മട്ടിൽ ഞാൻ മാറി മാറി മെസ്സേജ് അയച്ചു കൊണ്ട് ഇരുന്നു. സത്യം പറഞ്ഞാൽ പിടിച്ച് നിന്നതോക്കെ വെറുതെ ആകുമോ എന്ന പേടി…. ജീവിതം കൈ വിടുമോ എന്നൊക്കെ ഒരു ഭയം. ജീവിത സാഹചര്യത്തിൽ അടുത്ത കാലത്തായി അഭി മുഖീകരിച്ച ദുരന്തത്തെ യും ഓർത്തു പോയി. ഹൊ കടുപ്പം…എന്താകും എന്നൊക്കെ ആലോചിച്ച് കാട് കയറി പോയി. ഉറക്കം പിന്നെ ഫ്ലൈറ്റ് കേറി എങ്ങോട്ടോ പോയതിനാൽ ആ ടെൻഷൻ ഇല്ല… ഉറങ്ങാൻ നിക്കണ്ട. പിന്നെ വളരെ അധികം സൗകര്യം കൂടിയ ബെഡ് ആയതു കൊണ്ടാണ് എന്ന് തോന്നുന്നു… ഉറക്കം വരാതെ ഇരിപ്പായിരുന്നു. ഭക്ഷണം ഇല്ലെങ്കിലും wifi ഉണ്ടെങ്കിൽ നന്നായി എന്ന് നേരത്തേ പറഞ്ഞില്ലേ.. ഇപ്പോഴാണ് അത് ജീവിതത്തിൽ ശരിക്കും കണ്ടത്. വൈഫൈ…. ഡേറ്റാ ഉണ്ട്. എന്നാലും ഒരു വീഡിയോ രണ്ടു വീഡിയോ പോട്ടെ അഞ്ച് വീഡിയോ അതിൽ കൂടുതൽ എങ്ങിനെ…. എന്നാലും വൈഫൈ എനിക്ക് വലിയ സഹായം ആയി അവിടെ അവതരിച്ചു. ഹൊ ആശ്വാസം…. പിന്നെ ഞാൻ ചില നേരമ്പോക്കുകൾ ആലോചിച്ച്… ജീവിത തിൻെറ അങ്ങേ തലക്കൽ വരെ ഒന്ന് മനസ്സിലൂടെ യാത്ര. നടത്തി… വിഡ്ഢിത്തം… ശുദ്ധ വിഡ്ഢിത്തം… ഇത് കൊറോണ ആണ് ഹേയ് കൊറോണ…. ഞാൻ മനസ്സിനോട് പറഞ്ഞു. കൊറോണ എനാൽ മഹാ വ്യാധി അല്ല എന്ന് വ്യക്തമായി ഞാൻ എന്നെ convince ചെയ്തിരുന്നതാണ്. എന്നിട്ടും ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിക്കുന്നു. പൊട്ടൻ…എ ന്തോക്കെയോ ആലോച്ചിച്ച് കിടന്നു. എന്തോ മരുന്നിന്റെ ക്ഷീണമോ ഭക്ഷണം പിടിക്കത്തത്തും ഒക്കെ കൂടെ ഉറങ്ങിപ്പോയി.
  പിന്നെ ദിവസം. ഒരു ഉഷാർ…. നഴ്സ് മാർ വരുമ്പോൾ ഒക്കെ ചോദിക്കും നാട്ടിൽ എവിടെയാ…. കുടുംബം എവിടെയാ…. സത്യത്തിൽ അവരുടെ കാര്യങ്ങൾ അറിഞ്ഞു വരുമ്പോൾ നമുക്ക് എല്ലാം വിഷമം കൂടുകയെ ഉള്ളൂ. മിക്കവാറും പേർ കുടുംബത്തോടെ … ചെറിയ കുഞ്ഞുങ്ങൾ…. കേട്ടപ്പോൾ തല തരിച്ച് പോയി… നൈറ്റ് ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് പോകുന്ന അവരുടെ അവസ്ഥ ആലോചിച്ച്….

  ചേട്ടാ…. ഞങ്ങൾക്ക് വരില്ലായിരിക്കും എന്ന വിശ്വാസം അത്രേ ഉള്ളൂ… ഒരു നഴ്സ് പറഞ്ഞു. എനിക്ക് ആത്മ വിശ്വാസം അത്ര മേൽ അവർ തന്നിരുന്നു… ദൈവം നേരിട്ട് മാലാഖ മാരെ സൃഷ്ടിച്ച പോലെ… ഞാൻ കാണുമ്പോൾ എല്ലാം എനിക്ക് അവർ ദൈവത്തിനു തുല്യം… പണ്ടേ നഴ്സ് മാരെ ഒരു അതുഭുതം പോലെ ആണ് എനിക്ക്. എങ്ങിനെ സാധിക്കുന്നു ഇതെല്ലാം എന്ന മട്ടിൽ….

  എന്തായാലും ചുരുക്കത്തിൽ രഘുവിൻ്റെ അവസാന ടെസ്റ്റുകൾ നെഗറ്റീവ് ആയി. രഘു ഇന്ന് 17 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ടു. വീട്ടിലെത്തി.

  ഡോകടർ പറഞ്ഞ പഥ്യങ്ങൾ തുടർന്ന് ആരോഗ്യം പുഷ്ഠിപെടുത്തുവൻ ശ്രമിക്കുന്നു….

  ചുരുക്കം പറഞാൽ രഘു അത്ര സ്ട്രോങ്ങ് അല്ല, എങ്കിലും, വരുന്നത് വരട്ടെ എന്ന മനോഭാവം കുറേയധികം അയാൾക്ക് മാനസികമായി ശക്തി നേടിക്കൊടുത്തു. ഒരു പക്ഷെ അതും ഒരു സഹായം ആയിക്കാണും… ഹോസ്പിറ്റലിൽ നിന്നും വേഗം ഡിസ്ചാർജ് ആയി
  പോരുവാൻ….

  കൂടാതെ ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ വളരെ കൃത്യ സമയത്ത് തന്നെ ഹോസ്പിറ്റലിലേക്ക് രഘുവിനെ മാറ്റുവാൻ കാണിച്ച ആ സന്മനസ്സ് തീർച്ചയായും അഭിനന്ദനാർഹം തന്നെ. ഇതുപോലെ കൃത്യതയാർന്ന പഴുതടച്ച ചികിൽസ ഒന്ന് കൊണ്ട് കൂടെ രഘുവിന്റെ ജീവിതം പഴയ പടിയിലേക് വരുവാൻ സാധിച്ചു. ദുബായ് അമേരിക്കൻ ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഡോക്ടർ മാരും തന്ന പകരം വെക്കാൻ ഇല്ലാത്ത സ്നേഹം ജീവൻ ഉള്ളിടത്തോളം കാലം രഘുവിന് മറക്കുവാൻ സാധിക്കുകയില്ല.
  കൊറോണ എന്നാൽ ഒരിക്കലും ചികിത്സിച്ച് മാറ്റാൻ പറ്റാത്ത അസുഖം അല്ല.. മനോ നിയന്ത്രണവും മരുന്നും മെഡിക്കൽ സഹായവും കൊണ്ട് വളരെ ലളിതമായി മാറ്റാൻ കഴിയുന്ന ഒന്നാണ്….
  പിന്നെ ദൈവം കൂടെ തുണ… 

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top