ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം

ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം. ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണസേന്ദശം. ഡെങ്കിപ്പനിയെക്കുറിച്ചും അതു തടയുന്നതിനുളള മാര്‍ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ഡെങ്കിപ്പനി വ്യാപനവും മരണങ്ങളും കുറക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. ഡെങ്കിപ്പനി പ്രധാനമായും മൂന്നു തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെകാണപ്പെടുന്ന ക്ലാസിക്കല്‍ ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ഡെങ്കി ഹെമറാജിക് ഫീവര്‍, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ഡെങ്കിഷോക് സിന്‍ഡ്രോം എന്നിവയാണിവ.
രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്നു മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവും. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലുംവേദന, വിശപ്പില്ലായ്മയും രുചിയില്ലായ്മയും, നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍.
കൊതുകു നിയന്ത്രണമാണ് രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട പ്രധാന മാര്‍ഗം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡീസ് കൊതുകുകകളാണ് രോഗത്തിന് കാരണം. വെളുത്ത പുളളികളോടുകൂടിയ ഇത്തരം കൊതുകുകള്‍ പകല്‍നേരങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. ഇവയുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. ഈഡീസ് കൊതുകുകള്‍ കുറേ വിഭാഗങ്ങളുണ്ട്. ഇവയില്‍ ഈഡീസ് ആല്‍ബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നിവയാണ് മുഖ്യമായും രോഗം പരത്തുന്നത്.
വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ ഇത്തരം കൊതുകുകളുടെ പ്രജനനം വ്യാപകമായി നടക്കുന്നു. ഒന്നില്‍ കൂടുതല്‍ ആളുകളെ കടിക്കുന്ന രീതി സാധാരണയായി ഈഡീസ് കൊതുകുകളുടെ പ്രത്യേകതയാണ്. രോഗപ്പകര്‍ച്ച കൂടുതല്‍ ആളുകള്‍ക്ക് ഉണ്ടാവുന്നതിന് ഇത് ഒരു പ്രധാന കാരണമാണ്.
ഉറവിടനശീകരണത്തിലൂടെ കൊതുകുകളുടെ പ്രജനനം തടയാം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. വീടിനു ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. തോട്ടങ്ങളിലുംമറ്റും കൃത്യമായ പരിശോധന നടത്തി കൊതുകു വളരാനുള്ള സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവുകയുള്ളൂ. രോഗപ്രതിരോധം ഓരോരുത്തരുടെയും കടമയാണെന്നും അവനവന്റെ നിലനില്പിന് ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉണ്ടാവേണ്ടതാണ്. അത്തരത്തിലുള്ള ഇടപെടലിലൂടെ മാത്രമേ മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കൂ.
Story Highlightsa: Today is National Anti Dengue Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here