‘മകന് അസുഖമാണ്, മരണപ്പെടാൻ സാധ്യതയുണ്ട്, വീട്ടിലേക്ക് പോകണം’; ഉള്ളു പൊള്ളിക്കുന്ന ആ ചിത്രത്തിന്റെ കഥ

man sobbing photo story

രാജ്യത്തെ ലോക്ക് ഡൗൺ പങ്കുവക്കുന്നത് നെഞ്ചു തകർക്കുന്ന ചില ചിത്രങ്ങൾ കൂടിയാണ്. പലതും കുടിയേറ്റ തൊഴിലാളികളെയും അവരുടെ യാത്രകളെയും സംബന്ധിച്ചുള്ള ചിത്രങ്ങളാണ്. അത്തരത്തിൽ ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡൽഹിയിലെ റോഡരികിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ഒരാളുടെ ചിത്രമായിരുന്നു അത്. പിടിഐ ഫോട്ടോഗ്രാഫർ അതുൽ യാദവ് എടുത്ത ഈ ചിത്രം രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രയാണത്തെയാകമാനം ഉൾക്കൊള്ളുന്നതായിരുന്നു. ആ ചിത്രത്തിനു പിന്നിൽ ഉള്ളു പൊള്ളിക്കുന്ന ഒരു കഥയുണ്ട്.

Read Also: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി

രാംപുകാർ പണ്ഡിറ്റ് എന്നാണ് ആ മനുഷ്യൻ്റെ പേര്. നിസാമുദ്ദീൻ പാലത്തിൽ, ഫോൺ ചെവിയിൽ വച്ചു കൊണ്ട് പൊട്ടിക്കരയുന്ന പണ്ഡിറ്റിൻ്റെ ചിത്രം പകർത്തിയ ശേഷം അതുൽ യാദവ് അദ്ദേഹത്തോട് സംസാരിച്ചു. ‘എന്താണ് പ്രശ്നം’ എന്ന ചോദ്യത്തിന് ‘മകന് അസുഖമാണ്, മരണം സംഭവിച്ചേക്കാം. വീട്ടിലേക്കു പോകണം’ എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. എങ്ങോട്ടാണു പോകേണ്ടതെന്ന ചോദ്യത്തിന് കൈ ചൂണ്ടി ‘അവിടെ’ എന്ന് മറുപടി.

ബീഹാറിലേക്കായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. കൃത്യമായി പറഞ്ഞാൽ ബീഹാറിലെ ബെഗുസരായിയിലെ ബരിയാർപുരിയിലേക്ക്. നജഫ്ഗറിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് വീടണയണമെങ്കിൽ 1200 കിലോമീറ്റർ‌ യാത്ര ചെയ്യണം. മറ്റ് അതിഥി തൊഴിലാളികളെപ്പോലെ പണ്ഡിറ്റും കാൽനട യാത്ര തുടങ്ങി. എന്നാൽ നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് ഈ യാത്ര പൊലീസ് തടഞ്ഞു. തുടർന്ന് യാത്ര ചെയ്യാൻ പൊലീസ് അനുവാദം നൽകാതിരുന്നതോടെ കഴിഞ്ഞ മൂന്ന് ദിവസമായി അയാൾ അവിടെയാണ്. ആകെ തകർന്നു പോയ അദ്ദേഹത്തിനരികിലേക്കാണ് അതുൽ യാദവ് എത്തുന്നത്.

“ബിസ്കറ്റും വെള്ളവും നൽകി ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.”- അതുൽ യാദവ് പറയുന്നു. “മകനെ കാണാൻ കഴിയാതെ തകർന്നിരിക്കുന്ന ഒരാളെ എങ്ങനെയാണ് ആശ്വസിപ്പിക്കുക? ഒടുവിൽ അദ്ദേഹത്തെ അതിർത്തി കടത്തിവിടണമെന്ന് പൊലീസിനോറ്റ് അഭ്യർത്തിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും ഒരു മാധ്യമപ്രവർത്തകൻ്റെ അഭ്യർത്ഥന അവർ മുഖവിലയ്ക്കെടുത്തു. അദ്ദേഹം വീട്ടിലെത്തുന്ന കാര്യം ഉറപ്പാക്കാമെന്നും പൊലീസുകാർ അറിയിച്ചു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രാജ്യത്ത് കൊവിഡ് ബാധിതർ 90,000 കടന്നു

അതുൽ യാദവ് തിരികെ വീട്ടിലെത്തി. പണ്ഡിറ്റിൻ്റെ പേര് അപ്പോൾ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അദ്ദേഹത്തിൻ്റെ ഫോൺ നമ്പരോ വിലാസമോ ഒന്നും യാദവിനോട് ഉണ്ടായിരുന്നതുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം വീട്ടിലെത്തിയോ ഇല്ലയോ എന്ന വിവരങ്ങളൊന്നും അദ്ദേഹത്തിന് അറിയാനും സാധിച്ചില്ല. തുടർന്ന് പിടിഐ ചിത്രം പുറത്തുവിട്ടതോടെ അത് രാജ്യത്തെ മാധ്യമങ്ങൾ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ പേര് രാംപുകാർ പണ്ഡിറ്റ് എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തി. “മറ്റൊന്നു കൂടി അപ്പോൾ ഞാനറിഞ്ഞു, അദ്ദേഹത്തിന്റെ മകൻ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. അത് എന്റെ ഹൃദയം തകർത്തു കളഞ്ഞു.”- അതുൽ യാദവ് പറഞ്ഞുനിർത്തി.

Story Highlights: man sobbing phone viral photo story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top