വീടെത്താൻ സൈക്കിൾ മോഷ്ടിച്ച് കുടിയേറ്റ തൊഴിലാളി; ഹൃദയം നോവിക്കുന്ന ക്ഷമാപണക്കത്ത് വൈറൽ

ലോക്ക് ഡൗൺ ഏറ്റവുമധികം ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ്. അനിശ്ചിതമായി നീളുന്ന ലോക്ക് ഡൗണിൽ പട്ടിണിയിലായ അവർ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കുകയാണ്. ചിലർ സൈക്കിളുകളും മറ്റും സംഘടിപ്പിച്ച് യാത്ര ചെയ്യുന്നു. എന്നാൽ, മുഹമ്മദ് ഇഖ്ബാൽ ഖാൻ എന്ന കുടിയേറ്റ തൊഴിലാളി സൈക്കിൾ മോഷ്ടിച്ചാണ് നാട്ടിലേക്ക് പോയത്. സൈക്കിൾ മോഷ്ടിച്ചതിനു ശേഷം ഒരു ക്ഷമാപണക്കത്തും ഇഖ്ബാൽ ഖാൻ അവിടെ വെച്ചു.
Read Also: ‘മകന് അസുഖമാണ്, മരണപ്പെടാൻ സാധ്യതയുണ്ട്, വീട്ടിലേക്ക് പോകണം’; ഉള്ളു പൊള്ളിക്കുന്ന ആ ചിത്രത്തിന്റെ കഥ
രാജസ്ഥാനിലെ ഭരത്പുരിൽ നിന്നും ഉത്തർപ്രദേശിലെ ബറേലിയിലേക്കായിരുന്നു ഇഖ്ബാൽ ഖാൻ്റെ യാത്ര. ആകെ 250 കിലോമീറ്റർ. കൂടെ ഭിന്നശേഷിക്കാരനായ, നടക്കാൻ കഴിയാത്ത മകൻ കൂടി ഉള്ളതിനാൽ ഈ 250 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യാനാവില്ല. അങ്ങനെയാണ് ഇഖ്ബാൽ ഖാൻ സൈക്കിൾ മോഷ്ടിച്ചത്. അയൽ വീട്ടുകാരനായ സാഹിബ് സിങിന്റെ ഉമ്മറത്തിരുന്ന പഴയ സൈക്കിൾ പാത്രിരാത്രിയിൽ മോഷ്ടിച്ചു. പകരം അയാൾ അവിടെയൊരു കത്തു വച്ചു.
‘നമസ്കാരം, ഞാനാണ് അപരാധി. ഒരു തൊഴിലാളിയാണ്, നിസ്സഹായനാണ്. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. ക്ഷമിക്കുക. നടക്കാൻ കഴിയാത്ത എന്റെ ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്താൻ മറ്റു വഴികളൊന്നുമില്ല. ഞങ്ങൾക്ക് ബറേലി വരെ പോക്കേണ്ടതുണ്ട്’- ഹിന്ദിയിൽ എഴുതിയ ആ കത്ത് ഇങ്ങനെ വായിക്കാം.
രാജ്യത്ത് പലയിടങ്ങിളിലായി പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നത്.
അതേ സമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 4,885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,872 പേർ രോഗം ബാധിച്ച് മരിച്ചു.
Story Highlights: migrant worker bicycle apology letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here