‘പൊതുസ്ഥലങ്ങളിലും വഴികളിലും അണുനാശിനി തളിക്കുന്നതുകൊണ്ട് വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല’; ലോകാരോഗ്യ സംഘടന

പൊതുസ്ഥലങ്ങളിലും വഴികളിലും അണുനാശിനി തളിക്കുന്നതുകൊണ്ട് പുതിയ കൊറോണ വൈറസിനെ അകറ്റാനാകില്ലെന്ന് ലോകാരോഗ്യസംഘടന. മാത്രമല്ല, ആരോഗ്യപരമായ ചില അപകടങ്ങൾ ഇത് വരുത്തിവയ്ക്കുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നൽകുന്നു.
പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങളും അവശിഷ്ടങ്ങളും അണുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിൽ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണവൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
മാത്രമല്ല, എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ല. രോഗാണുക്കളെ നിഷ്‌ക്രിയമാക്കാനെടുക്കുന്ന സമയം വരെ അണുനാശിനിയുടെ ഫലം നിലനിൽക്കാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തെരുവുകളും പൊതുവഴികളും രോഗാണുക്കളുടെ സംഭരണശാലകളല്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
വൈറസ് ബാധിതനായ ഒരു വ്യക്തിയുടെ ശരീരസ്രവങ്ങളിലൂടെ രോഗം പകരുന്നത് തടയാൻ അണുനാശിനി പ്രയോഗംകൊണ്ട് സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രത്യേക കുറിപ്പിൽ സൂചിപ്പിക്കുന്നു. ക്ലോറിനും സമാനമായ രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നിവയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും കുറിപ്പിൽ പറയുന്നു. പകരം, തുണിയോ മറ്റോ ഉപയോഗിച്ച് അണുനാശിനി പുരട്ടുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടന പറയുന്നു.
Story highlight: ‘Spraying of disinfectants in public places and ways cannot prevent the virus’; WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here