മലയാളികളുടെ വാഹനങ്ങൾ മാത്രം തടഞ്ഞ് കർണാടക പൊലീസ്; അവിടം മുതൽ തുടങ്ങിയ കേരളത്തിന്റെ കരുതൽ: വൈറൽ കുറിപ്പ്

ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ, ബാംഗ്ലൂരിൽ നിന്ന് എത്തിയ ഒരു യുവതിയുടെ അനുഭവക്കുറിപ്പ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാവുകയാണ്. മാനവി ജയസൂര്യ എന്ന യുവതി തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളികളുടെ വാഹനങ്ങൾ മാത്രം കർണാടക പൊലീസ് തടഞ്ഞു എന്നും പിന്നീട് കേരള സർക്കാർ നാട്ടിലെത്തുന്നതു വരെ കരുതലായി ഒപ്പമുണ്ടായിരുന്നു എന്നുമാണ് കുറിപ്പ്.
കുറിപ്പ് വായിക്കാം:
ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തി റൂം ക്വാറന്റൈനിൽ ഇരിക്കുകയാണ് ഞാൻ. എന്റെ നാടിന്റെ കരുതലിനും സ്നേഹത്തിനും ഒരു നന്ദിവാക്ക് പറഞ്ഞില്ലെങ്കിൽ അത് നിഷേധമാവും. ഞങ്ങൾ കൃത്യമായി, നോർക്ക/കൊവിഡ് 19 ജാഗ്രത വഴിയും ആരോഗ്യ സേതു വഴിയും കേരള, കർണാടക പാസ്സുകൾ വളരെ നേരത്തെ തന്നെ അപ്ലൈ ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവിൽ മെയ് 4 ന് പാസ്സ് കിട്ടി. പാസ്സുമായി നമ്മുടെ നാട്ടിലേക്ക് പുറപ്പെട്ടു. കർണാടകത്തിൽ യാത്രയുടെ തുടക്കം സുഖമായിരുന്നെങ്കിലും പിന്നീടു പല ചെക്ക് പോസ്റ്റുകളിലും പല ബുദ്ധിമുട്ടുകൾ ഉണ്ടായി. ഒരുപാടു വഴികളിൽ മാറി മാറി പറഞ്ഞു വിട്ടു. ഒരു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാർ, അവർ ഇരിക്കുന്ന സ്ഥലത്തുനിന്ന് എണീറ്റു വരാതെ, അവിടെ വച്ചിരുന്ന ബാരിക്കേഡുകൾ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി എടുത്തു മാറ്റിയിട്ടു കടന്നു പോകാൻ പറഞ്ഞു. എല്ലാം സഹിച്ചു. വഴി തെറ്റി ഗൂഗിൾ മാപ്പ് പോലും കാണിക്കാത്ത നാട്ടുവഴികളിലൂടെ ഒക്കെ ചുറ്റി കറങ്ങി അവസാനം ഒരു ചെക്ക് പോസ്റ്റ് എത്തിയപ്പോൾ, മുന്നിലുള്ള കുറച്ചു വണ്ടികൾ കടത്തി വിട്ടു. പിന്നെ വന്ന ഞങ്ങൾ മലയാളികളുടെ വണ്ടികൾ അവർ തടഞ്ഞു. പത്തിലധികം വാഹനങ്ങളിൽ ആയി ഞങ്ങൾ മുപ്പതോളം പേർ. “ഇനി ആരെയും കേരളത്തിലേക്ക് കടത്തി വിടണ്ട എന്ന് കളക്ടർ പറഞ്ഞു”. എന്നാൽ അവിടെ കർണാടക വണ്ടികൾ എല്ലാം അവർ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടുന്നുമുണ്ട്. മലയാളികളുടെ വണ്ടികൾ മാത്രം തടഞ്ഞു. പ്രത്യേകിച്ച് കൃത്യമായ ഒരു കാരണം അവർക്കു പറയാനില്ല. ഞങ്ങൾക്ക് എല്ലാവർക്കും പാസ്സ് ഉണ്ട്. അത് കാണിച്ചിട്ടും സമ്മതിക്കുന്നില്ല. ആ ചെക്ക് പോസ്റ്റിന്റെ അപ്പുറത്തുള്ള ഗ്രീൻ സോൺ ജില്ലയിലേക്ക് ഞങ്ങളുടെ വണ്ടികൾ കടത്തി വിടില്ല എന്നാണ് പറഞ്ഞത്. ഞങ്ങൾ ആരെ കൊണ്ടെങ്കിലും വിളിച്ചു അവരുടെ കളക്ടറോട് പറഞ്ഞു സമ്മതിപ്പിച്ചാൽ വിടാമെന്ന്. കർണാടകത്തിൽ ഞങ്ങൾ ആരെ കൊണ്ട് വിളിപ്പിക്കാൻ. പാസ്സ് ഉണ്ടായിട്ടും കടന്നു പോരാൻ പറ്റുന്നില്ല. സമയം പോകുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തിച്ചേരാൻ പാസ്സിൽ പറഞ്ഞിരിക്കുന്ന സമയമൊക്കെ കഴിഞ്ഞു(4 -6pm). ഇനി ബന്ദിപ്പൂർ ഫോറസ്റ്റ് അടയ്ക്കുന്നതിനു മുന്നേ എങ്കിലും അവിടം കടക്കണം. ഇല്ലെങ്കിൽ സ്ത്രീകളും കുട്ടികളും അടക്കം ഞങ്ങൾ എല്ലാവരും കാട്ടിൽ പെട്ടു പോകും. വല്ലാതെ ടെൻഷൻ ആയ ഒരു സമയം ആയിരുന്നു അത്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഒടുവിൽ അവിടെ ഉള്ള ഞങ്ങൾ ഓരോരുത്തരും അവരവരുടെ പരിചയങ്ങൾ വഴി ശ്രമിച്ചു, വിവരം കേരളത്തിൽ എത്തിച്ചു.
ഞങ്ങളോടുള്ള നമ്മുടെ നാടിന്റെ ആദ്യകരുതൽ അവിടെ തുടങ്ങി. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഞങ്ങൾ വരുന്നത് വരെ ഉദ്യോഗസ്ഥർ കാത്തിരിക്കാം എന്ന് പറഞ്ഞു. കർണാടകയിലെ ആ ജില്ലയുടെ കളക്ടർ ഓഫീസിൽ വിവരം എത്തിച്ചു , അങ്ങിനെ അവിടെ നിന്ന് ആള് വന്ന് ഞങ്ങളെ കടത്തി വിടാൻ ഓർഡർ തന്നു. പിന്നീട് അവർ ഞങ്ങളുടെ പാസ്സ് പരിശോധിച്ചു, താപനില പരിശോധിച്ചു കടത്തി വിട്ടു. അപ്പോളേക്കും 7 മണി കഴിഞ്ഞു. വീണ്ടും 2 മണിക്കൂർ യാത്രയുണ്ട് മുത്തങ്ങയ്ക്ക്. ഞങ്ങൾ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വിളിച്ചു. “നിങ്ങൾ ഒന്ന് കൊണ്ടും ടെൻഷൻ ആവണ്ട, സമാധാനമായി വരൂ, പെട്ടന്ന് എത്താൻ വണ്ടി ഒരുപാടു സ്പീഡിൽ ഒന്നും ഓടിക്കരുത്, സൂക്ഷിച്ചു വരൂ, ഞങ്ങൾ കാത്തിരുന്നോളാം.” എന്നായിരുന്നു മറുപടി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഞങ്ങളുടെ ആരാണവർ? സഹോദരങ്ങളോ? 9 മണിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തി.
അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. കേരള പോലീസ് വളരെ സ്നേഹത്തോടെയും കരുതലോടെയും ആണ് ഞങ്ങളെ സ്വീകരിച്ചത്. ആ സ്വീകരണത്തിൽ തന്നെ കുറച്ചു മുൻപ് വരെ അനുഭവിച്ച എല്ലാ ടെൻഷനും മാഞ്ഞുപോയി. വളരെ സിസ്റ്റമാറ്റിക്ക് ആയി എല്ലാം ഒരുക്കിയിട്ടുണ്ട്. ആദ്യം തന്നെ ഞങ്ങളുടെ വണ്ടി അണുവിമുക്തമാക്കി. പിന്നീട് പൊലീസ്, ധനകാര്യ വകുപ്പുകളുടെ കൃത്യമായ പരിശോധനകൾ. ഞങ്ങളുടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പാസ്സുകൾ കൃത്യമായി പരിശോധിച്ചു. അത് കഴിഞ്ഞു കുറച്ചു അപ്പുറത്ത് മാറി ആരോഗ്യവകുപ്പിന്റെ വളരെ വിശദമായ പരിശോധനാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. പൊലീസും ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും ചേർന്ന സംവിധാനം. എല്ലാവരും മാനസികമായി ഏറെ അടുപ്പത്തോടെ ശാരിരികമായി കൃത്യമായ അകലം സൂക്ഷിച്ചു. അവിടെ ചെല്ലുമ്പോൾ തന്നെ പോലീസ് നമ്മുടെ വിവരങ്ങൾ എല്ലാം വീണ്ടും ശേഖരിക്കും. പിന്നീട് വാഷ് ബേസിനുകൾ വച്ചിട്ടുണ്ട്. കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം, പിന്നീട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകും. അവിടെ കയറും മുൻപ് കൈ തൊടാതെ കാല് കൊണ്ട് പമ്പ് ചെയ്തു സാനിറ്റൈസർ എടുക്കാം. ആവശ്യമുണ്ടെങ്കിൽ പുതിയ മാസ്കുകളും എടുക്കാം. അവിടെ കസേരകൾ എല്ലാം അകലം പാലിച്ചു ഒരുക്കിയിട്ടുണ്ട്. വളരെ സ്നേഹത്തോടെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ട് വളണ്ടിയർമാരും ഉണ്ട്. നമുക്ക് ഒരു വഴിയേ പോയി താപനില ഉൾപ്പടെ ആരോഗ്യ വകുപ്പിന്റെ എല്ലാ പരിശോധനയും കഴിഞ്ഞു വേറെ വഴിയേ പുറത്തേക്കു ഇറങ്ങാം. ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന്റെ അടുത്ത് വരാത്ത രീതിയിൽ ആണു എല്ലാം ഒരുക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് കൃത്യമായി വിവരങ്ങൾ ഒക്കെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന കഴിഞ്ഞു ക്വാറൻ്റീൻ നിർദ്ദേശങ്ങളോടെ അവിടെ നിന്ന് ഞങ്ങളെ വിട്ടു.
അന്ന് ഞങ്ങൾ കുറച്ചു പേർ വരാൻ വേണ്ടി കാത്തിരുന്ന ആ പാവം ഉദ്യോഗസ്ഥർ എല്ലാം തന്നെ ഒരു മുഷിച്ചിലും കാണിക്കാതെ അവിടെ അർദ്ധരാത്രിയിലും ജോലി ചെയ്യുകയായിരുന്നു, നാടിനു വേണ്ടി. മനസുകൊണ്ട് അവർക്ക് ഒരു ബിഗ് സല്യൂട്ട്.
ഞങ്ങൾ അവിടെ നിന്ന് കോഴിക്കോട് വഴി തൃശ്ശൂർക്ക്. ആ അസമയത്തും പൂർവാധികം ഉണർവോടെ പൊലീസും ആരോഗ്യ വകുപ്പും. വീണ്ടും 5 സ്ഥലത്ത് പരിശോധന. നമുക്ക് വിഷമം തോന്നരുത് എന്ന് കരുതിയാവും, ‘ഇത് നാടിന്റെ രക്ഷക്കു വേണ്ടി ആണെന്ന്’ അവർ കൂടെ കൂടെ ഓർമപ്പെടുത്തുന്നുണ്ട്. ക്വാറൻ്റീൻ കൃത്യമായി ചെയ്യണം എന്ന് അവർ അപേക്ഷ സ്വരത്തിൽ ആണു പറയുന്നത്. അപ്പോൾ തന്നെ ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചു. ഞങ്ങളെ കാക്കാൻ നാടിനെ രക്ഷിക്കാൻ ഇത്രയും കരുതൽ ചെയ്യുന്ന നിങ്ങളോടുള്ള ബഹുമാന സൂചകമായി ഞങ്ങൾ കൃത്യമായി നിയമം പാലിക്കും. ഒരു പിഴവും വരുത്തില്ല. നേരത്തെ അറിയിച്ചത് അനുസരിച്ചു വീട്ടിൽ പുറത്തുള്ള മുറി ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നു. ആരുടെയും അടുത്ത് പോകാതെ നേരെ ആ മുറിയിൽ കയറി. റൂം ക്വാറൻ്റീൻ. ഭക്ഷണം മുറിക്കു പുറത്തു വക്കും. അതെടുത്തു കഴിക്കും. വീട്ടിൽ ആരുമായും സമ്പർക്കമില്ല. മുറിക്കു പുറത്തു ഇറങ്ങാതെ ദിവസങ്ങൾ ഏറെയായി ഇരിക്കുന്നു. വീട്ടിൽ നിന്ന് ആരും പുറത്തു പോകുന്നില്ല. ഞങ്ങൾ ആയിട്ട് ഒരു തരത്തിലും നിയമം തെറ്റിക്കില്ല. എന്നും ആരോഗ്യ വകുപ്പിൽ നിന്ന് വിളിച്ചു വിവരം തിരക്കും. പോലീസിൽ നിന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായി രെജിസ്റ്റർ ചെയ്തു നാട്ടിൽ എത്താൻ ഗവണ്മെന്റ് പറയുന്നത് ഇതിനു വേണ്ടിയാണെന്ന് മനസിലായി. എങ്കിലേ അവർക്കു നമ്മളെ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കൂ.
നാടിനെയും നമ്മളെയും ഈ മഹാ വിപത്തിൽ നിന്ന് രക്ഷിക്കാൻ അഹോരാത്രം ജോലി ചെയ്യുന്ന ഗവണ്മെന്റിനും, ആരോഗ്യ വകുപ്പിനും പോലീസിനും വളണ്ടിയർമാർക്കും ഞങ്ങളുടെ കുടുംബത്തിന്റെ സ്നേഹാദരമാണ് ഞങ്ങൾ പാലിക്കുന്ന കൃത്യമായ ഈ റൂം ക്വാറൻ്റീൻ ദിനങ്ങൾ.
ഇവിടുത്തെ പ്രവർത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവർ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല. പക്ഷെ കേരളത്തിന് വെളിയിൽ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ട്. സ്നേഹാദരങ്ങളോടെ നെഞ്ചേറ്റുന്നുണ്ട്.
നമ്മൾ അതിജീവിക്കും; നാടിനൊപ്പം.
Story highlights-efficiency of kerala government facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here