ലോക്ക് ഡൗൺ: രണ്ട് കുഞ്ഞുങ്ങളെയുമായി ഒഡീഷ സ്വദേശി വീട്ടിലെത്താൻ നടന്നത് 160 കിലോമീറ്റർ

അനിശ്ചിതമായി നീണ്ടു പോയ ലോക്ക് ഡൗണിൽ പട്ടിണിയിലായ ഒഡീഷ സ്വദേശി വീട്ടിലെത്താൻ നടന്നത് 160 കിലോമീറ്റർ. തൻ്റെ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് ആദിവാസി വിഭാഗത്തിൽ പെട്ട രൂപയ ടുഡു രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഒഡീഷയിലെ മായുർഭഞ്ജിലേക്ക് നടന്നത്. ത്രാസ് പോലുള്ള ഒരു ഉപകരണത്തിൽ തൻ്റെ മക്കളെ ഇരുത്തി അത് തോളിൽ ചുമന്നായിരുന്നു ടുഡുവിൻ്റെ നടത്തം.
മായുർഭഞ്ജിലെ ബലാഡിയ ഗ്രാമത്തിൽ താമസിക്കുന്ന ടുഡു ഏതാനും മാസങ്ങൾക്ക് മുൻപാണ് ജയ്പൂർ പനികോയ്ലിയിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലിക്കായി പോകുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ചൂളയിലെ പണി നിന്നു. കിട്ടാനുള്ള പണം നൽകാൻ തൊഴിലുടമ തയ്യാറായതുമില്ല. ഇതോടെയാണ് ആ കുടുംബം നടക്കാൻ തീരുമാനിച്ചത്.
ടുഡുവിൻ്റെ 6 വയസ്സുകാരിയായ മകൾ പുഷ്പാഞ്ജലി ഭാര്യ മാത്രികയോടൊപ്പം നടക്കാം എന്നറിയിച്ചു. ഇതോടെ, 4 വയസ്സും രണ്ടര വയസ്സും വീതമുള്ള രണ്ട് ആൺകുട്ടികളെ എങ്ങനെ കോണ്ടുപോകുമെന്നതായി ഇവരുടെ ആലോചന. ഒടുവിൽ മുള വെട്ടി ത്രാസ് പോലുള്ള ഉപകരണം ഉണ്ടാക്കിയ ടുഡു കുഞ്ഞുങ്ങളെ ചുമന്ന് നടക്കുകയായിരുന്നു. ശനിയാഴ്ചയാണ് അവർ വീട്ടിലെത്തിയത്. കുഞ്ഞുങ്ങളെ ചുമന്നത് ചിലപ്പോഴൊക്കെ ചുമലിന് വേദന ഉണ്ടാക്കിയെങ്കിലും മറ്റു വഴികൾ ഇല്ലായിരുന്നു എന്ന് ടുഡു പറയുന്നു.
ഗ്രാമത്തിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലാണ് ഇപ്പോൾ ടുഡുവും കുടുംബവും ഉള്ളത്. അവിടെ ഭക്ഷണ സൗകര്യം ഉണ്ടായിരുന്നില്ല. വരുന്ന 21 ദിവസം അവിടെയും തുടർന്നുള്ള 7 ദിവസം വീട്ടിലുമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ശനിയാഴ്ച വൈകുന്നേരത്തോടെ ഇവർക്കുള്ള ഭക്ഷണ സൗകര്യം മായുർഭഞ്ജ് ബിജെഡി ജില്ലാ പ്രസിഡൻ്റ് ദേബാശിഷ് മൊഹന്തി ഒരുക്കി നൽകി.
Story highlights-Migrant worker walked 160 km with carrying children