കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ്

covid 19 testing

കണ്ണൂർ ജില്ലയിൽ ആരോഗ്യ പ്രവർത്തകയടക്കം മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി ചെയ്ത അറ്റൻഡർക്കാണ് രോഗം ബാധിച്ചത്. മുംബൈയിൽ നിന്ന് നാട്ടിലെത്തിയവരാണ് മറ്റ് രണ്ട് പേർ.

ഏപ്രിൽ 21 മുതൽ മെയ് നാല് വരെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റൻഡർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അൻപത്തിനാലുകാരിയായ ആരോഗ്യ പ്രവർത്തക ചിറക്കൽ സ്വദേശിനിയാണ്. കൊവിഡ് വാർഡിലെ ഡ്യൂട്ടിക്ക് ശേഷം നഗരത്തിലെ ഒരു ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാൾക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരാണ്. ചൊക്ലി സ്വദേശിയായ 35കാരൻമെയ് ഒൻപതിനാണ്മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്.പയ്യാമ്പലം സ്വദേശിയായ 31കാരൻമെയ് 10 നും തിരിച്ചെത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ.ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 126 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. എട്ട് പേർ ചികിത്സയിൽ കഴിയുകയാണ്.5554 പേർനിരീക്ഷണത്തിലുണ്ട്. 58 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

 

kannur, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top