Advertisement

പ്രവാസികള്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല; കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്: മുഖ്യമന്ത്രി

May 20, 2020
1 minute Read
cm pinarayi vijayan

പ്രവാസികള്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുപ്രചാരണങ്ങളില്‍ കുടുങ്ങരുത്. കൊവിഡ് 19 വൈറസ് നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണ് എന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ കാണേണ്ട ഒരു വസ്തുത രോഗം എങ്ങനെ വരുന്നുവെന്ന ബോധ്യം നമുക്ക് ആദ്യം ഉണ്ടാകണം. ആ തിരിച്ചറിവ് ഉണ്ടാവുകയെന്നത് പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ അവര്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം. അതോടൊപ്പം തന്നെ ഇവിടെയുള്ളവരും സുരക്ഷിതരായിരിക്കണം. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവുമില്ലാതിരിക്കുകയും റെഡ്‌സോണുകളിലുള്ളവര്‍ എല്ലാവരുമായി അടുത്തിടപഴകുകയും ചെയ്താല്‍ വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ നിയന്ത്രണം സ്വീകരിക്കേണ്ടി വന്നത്. ഇതിന് മറ്റൊരു അര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നോ അല്ല അതിന്റെ അര്‍ത്ഥം. അങ്ങനെ ആക്കിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റ് ചില ലക്ഷ്യങ്ങളുണ്ടാകാം. വരുന്നവരില്‍ അനേകംപേര്‍ രോഗബാധയില്ലാത്തവരാകാം. എന്നാല്‍ നമ്മുടെ അനുഭവത്തില്‍ ചിലര്‍ രോഗവാഹകരാണ്. അത് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. വരുമ്പോള്‍ തന്നെ ആരാണ് രോഗവാഹകര്‍, ആരാണ് രോഗം ബാധിക്കാത്തവര്‍ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷിതത്വത്തിനും ആവശ്യമാണ്. അതുകൊണ്ട് കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് വേറെ ഉദ്ദേശങ്ങള്‍ കാണും. അത്തരം കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപോകാന്‍ പാടില്ല.

കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് പത്തനംതിട്ട റാന്നിയില്‍ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് പെരിനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ ഏറെനേരം തങ്ങേണ്ടി വന്നുവെന്നാണ് വാര്‍ത്ത. അവര്‍ ക്വാറന്റീനുവേണ്ടി തയാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞെന്നും പരാതി ഉയര്‍ന്നു.

മുംബൈയില്‍നിന്ന് പ്രത്യേക വാഹനത്തിലെത്തിയ സംഘം റോഡില്‍ കുറച്ചുനേരം വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തിയെന്നും വാര്‍ത്തവന്നു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍വച്ച് പ്രവാസി കേരളിയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ് പ്രചരണവുമായി ഒരുകൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്. ഇവിടെ വീണ്ടും ആവര്‍ത്തിച്ച് ഒരു കാര്യം വ്യക്തമാക്കുകയാണ്. പ്രവാസികളുടെ കൂടി നാടാണിത്. അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല. അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏത് ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാം. നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം.

Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്; അഞ്ചുപേര്‍ക്ക് രോഗമുക്തി

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശത്ത് കുടുങ്ങിയവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ട്. അതോടൊപ്പം ഒരുകാര്യം മനസിലാക്കണം ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. അവര്‍ക്കെല്ലാം ഒരേ ദിവസം വരാനാകില്ല. പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ വിവിധ മലയാളി സംഘടനകള്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണയും പരത്തുന്നതോ ആയ പ്രചാരണങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: expatriates arrival kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top