അച്ഛന് അപകടത്തിൽ പരുക്ക്; വീട്ടിലെത്തിക്കാൻ 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ

അപകടത്തിൽ പരുക്കേറ്റ അച്ഛനെ വീട്ടിലെത്തിക്കാൻ 15കാരിയായ പെൺകുട്ടി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ. ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് അച്ഛൻ മോഹൻ പാസ്വാനുമായി ജ്യോതികുമാരി എന്ന പെൺകുട്ടി ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബീഹാറിലെ ദർഭംഗ വരെ സൈക്കിൾ ചവിട്ടിയത്. ജ്യോതികുമാരിയുടെ സൈക്കിൾ യാത്രയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Also: ലോക്ക് ഡൗൺ: രണ്ട് കുഞ്ഞുങ്ങളെയുമായി ഒഡീഷ സ്വദേശി വീട്ടിലെത്താൻ നടന്നത് 160 കിലോമീറ്റർ
ഹരിയാനയിലെ ഗുരുഗ്രാമിൽ ഇ-റിക്ഷ ഓടിച്ചാണ് മോഹൻ പാസ്വാൻ ജീവിച്ചിരുന്നത്. ഒരു അപകടത്തിൽ ഇദ്ദേഹത്തിനു പരുക്കേറ്റതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ലോക്ക് ഡൗൺ ആരംഭിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ആദ്യ മാസം തന്നെ വാടക നൽകാത്തതിനാൽ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഇതോടെ നാട്ടിലേക്ക് പോകാമെന്നായി മകളുടെ അഭിപ്രായം. ആദ്യമൊക്കെ മോഹൻ ആ അഭിപ്രായത്തോട് മുഖം തിരിച്ചു എങ്കിലും ഒടുവിൽ പിതാവിനെക്കൊണ്ട് സമ്മതിപ്പിക്കാൻ ജ്യോതികുമാരിക്ക് സാധിച്ചു.
അങ്ങനെ കയ്യിലുണ്ടായിരുന്ന പണം കൊണ്ട് ജ്യോതികുമാരി ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി. പിതാവിനെ പിന്നിലിരുത്തി യാത്രയും തുടങ്ങി. ദിവസവും 100-150 കിലോമീറ്റർ വീതമായിരുന്നു യാത്ര. വഴിയരികിൽ ആളുകൾ നൽകുന്ന ഭക്ഷണം കൊണ്ടായിരുന്നു വിശപ്പടക്കൽ. രണ്ട് ദിവസം ജ്യോതി പട്ടിണി കിടന്ന് ലഭിച്ച ഭക്ഷണം കൊണ്ട് അച്ഛനെ ഊട്ടി. ഇടക്ക് അച്ഛൻ്റെയും മകളുടെയും യാത്ര കണ്ട് സഹതാപം തോന്നിയ ലോറി ഡ്രൈവർമാർ ലിഫ്റ്റ് നൽകി. അങ്ങനെ ഏഴ് ദിവസം കൊണ്ട് അവർ നാട്ടിലെത്തി.
ഇപ്പോൾ സിരുഹള്ളിയിലെ ഗ്രാമത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് ഇവർ.നാട്ടിൽ അങ്കണവാടി അധ്യാപികയാണ് ജ്യോതിയുടെ അമ്മ. 4 സഹോദരങ്ങളുമുണ്ട്.
Story Highlights: 15 years old girl cycles 1,200 kms to bring father home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here