കാർത്തികും ജെസ്സിയും വീണ്ടും; ഹ്രസ്വചിത്രവുമായി ഗൗതം മേനോൻ

ചിമ്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രം സിനിമാ പ്രേമികൾക്കൊക്കെ പ്രിയപ്പെട്ടതാണ്. 2010ൽ പുറത്തിറങ്ങിയ ചിത്രം ഒരു പതിറ്റാണ്ടിനിപ്പുറവും സിനിമാ ചർച്ചകളിൽ സജീവമാണ്. കാർത്തിക് എന്ന ഹിന്ദു തമിഴ് യുവാവിൻ്റെയും ജെസി എന്ന ക്രിസ്ത്യൻ മലയാളി യുവതിയുടെയും പ്രണയകഥയിലൂടെ സംവിധായകൻ ഗൗതം മേനോൻ പറഞ്ഞുവച്ച കഥ ഇപ്പോൾ അദ്ദേഹം തന്നെ തുടരുകയാണ്. 12 മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘കാർത്തിക് ഡയൽ സെയ്ത യെൻ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളെ ഗൗതം മേനോൻ വീണ്ടും ഒരുമിപിച്ചത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തിരക്കഥ എഴുതാനിരിക്കുന്ന കാർത്തികിന് എഴുത്ത് തുടരാൻ സാധിക്കാതെ വരുമ്പോൾ കേരളത്തിലുള്ള ജെസിയെ ഫോൺ വിളിക്കുന്നതിൽ നിന്നാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. കൊറോണയെപ്പറ്റിയും ലോക്ക് ഡൗണിലെ സിനിമാ പ്രതിസന്ധിയെപ്പറ്റിയുമൊക്കെ ഇരുവരും സംസാരിക്കുന്നു. ജെസിയുടെ കുടുംബത്തെപ്പറ്റി ആകാംക്ഷയോടെ അന്വേഷിക്കുന്ന കാർത്തിക് വീണ്ടും പ്രണയം പറയുകയാണ്. ഒടുവിൽ കോൾ കട്ട് ചെയ്യുന്ന കാർത്തിൽ വീണ്ടും എഴുതിത്തുടങ്ങുന്നു.
സ്വയം തിരക്കഥയൊരുക്കി ഐഫോണിലാണ് ഗൗതം മേനോൻ ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ഹഫീസ് ആണ് സൗണ്ട് ഡിസൈൻ. എഡിറ്റർ അന്തോണി.
Story Highlights: gautham menon short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here