കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി

അംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. വിമാനത്താവളം മുങ്ങിയതിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. വിമാനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും റൺവേയുമെല്ലാം വെള്ളത്തിന് അടിയിലായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ രണ്ട് മാസമായി യാത്രാ വിമാനങ്ങളൊന്നും ഇല്ല. ചരക്ക് വിമാനങ്ങളും ആളുകളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും മാത്രമാണ് വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്നത്.
അംഫാൻ ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്. തീരദേശ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. 12 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു.കൊവിഡ് മഹാമാരിയേക്കാൾ സാഹചര്യം വഷളാവുന്നുണ്ടെന്നും ഇത് എങ്ങനെ നേരിടുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. കൊൽക്കത്തയിലെ മേൽപ്പാലങ്ങൾ മുൻകരുതലിനായി അടച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അറിയിപ്പ് നൽകിയിരിക്കുന്നു. സൂപ്പർ സൈക്ലോണായി മാറിയതോടെയാണ് കൊടുങ്കാറ്റ് ഇത്രയധികം നാശനാഷ്ടമുണ്ടാക്കിയത്.
ഇന്നലെ രാത്രി വരെ ഒഡീഷയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2 മാസം പ്രായമുള്ള കുഞ്ഞ് ഭദ്രക് ജില്ലയിൽ മതിലിടിഞ്ഞ് മരിച്ചു. ബലസോറിൽ ഒരു സ്ത്രീയും മരിച്ചതായാണ് വിവരം.
read also:ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് അംഫാൻ
ബംഗ്ലാദേശിലും സ്ഥിതി വിഭിന്നമല്ല. ആറ് മരണങ്ങൾ അവിടെ റിപ്പോർട്ട് ചെയ്തു. മരങ്ങൾ വീണും മറ്റുമാണ് ആളുകൾ മരിച്ചത്. ഒരു വളണ്ടിയർ മുങ്ങി മരിച്ചു. മൂന്ന് ദശലക്ഷം ആളുകൾക്ക് രാജ്യത്ത് വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.
Story highlights-kolkata airport ,flood, amphan cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here