Advertisement

ഈദുല്‍ ഫിത്തര്‍ ആശംസിച്ച് മുഖ്യമന്ത്രി

May 22, 2020
Google News 1 minute Read
pinarayi vijayan

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമാസത്തെ റംസാന്‍ വ്രതത്തിനുശേഷം ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് തയാറെടുക്കുകയാണ്. കൊവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

സ്ഥിതിസമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിനു തടസമാകും. ഇത് കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു മണി വരെ തുറക്കാന്‍ അനുവദിക്കും. പെരുന്നാള്‍ ഞായറാഴ്ചയായാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: eid-ul-fitr wishes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here