Advertisement

കൊവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങള്‍, വിദേശത്തു നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

May 22, 2020
Google News 1 minute Read
corona precautions

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് തിരികെ സംസ്ഥാനത്തേക്ക് എത്താന്‍ നിലവില്‍ അവസരമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി നിരവധിയാളുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

corona precautions

ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 കാലഘട്ടം ഗര്‍ഭിണികളെ സംബന്ധിച്ചു ആശങ്കയേറിയ ഒന്നാണ്. പതിവ് പരിശോധനകള്‍ക്ക് പോകാന്‍ തടസം നേരിടുന്നതും രോഗം അമ്മയ്ക്കും കുഞ്ഞിനും ബാധിക്കുമോയെന്നതുമെല്ലാം ആശങ്കകളാണ്. മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോകുന്ന ഗര്‍ഭിണികളും വലിയ മാനസിക പ്രയാസങ്ങളിലൂടെയായിരിക്കും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയായി ലോകം മുഴുവന്‍ പടരുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഗര്‍ഭിണികള്‍ ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഗര്‍ഭിണികള്‍ യാത്ര ഒഴിവാക്കുക.

2. രോഗം ബാധിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഒഴിവാക്കുക.

3. സാമൂഹിക അകലം പാലിക്കുക

4. മാസ്‌ക് ധരിക്കുക

5. കൈകള്‍ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ സാനിട്ടൈസര്‍കൊണ്ടു വൃത്തിയാക്കുകയോ ചെയ്യുക.

6. പൊതുയിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക

7. ഇതര സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍ നിന്നും വരുന്ന ഗര്‍ഭിണികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

8. ഹോട്ട് സ്‌പോട്ടുകളില്‍ നിന്നോ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നോ വരുന്ന ഗര്‍ഭിണികള്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റീനില്‍ പോകേണ്ടതും പരിശോധന നടത്തേണ്ടതുമാണ്.

9. രോഗബാധ സ്ഥിരീകരിച്ചാല്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുക.

10. പ്രസവ സമയത്ത് അണുബാധ ഉണ്ടാകാതിരിക്കാനും മറ്റുമുള്ള മുന്‍കരുതലുകള്‍ ആശുപത്രികള്‍ സ്വീകരിക്കും. അതിനോട് പൂര്‍ണമായും സഹകരിക്കണം. അവര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായും ചെയ്യുക.

11. കൊവിഡ് 19 സുഖപ്പെട്ട ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള പരിശോധനകള്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

corona precautions

മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷകൂടി നോക്കേണ്ട കാലം. അതിനാല്‍ തന്നെ ഇക്കാലത്ത് ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം അമ്മയുടെ മുലപ്പാലിലോ അമ്‌നിയോട്ടിക് ദ്രാവകത്തിലോ പൊക്കിള്‍ക്കൊടിയിലെ രക്തത്തിലോ ഇതുവരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല എന്നതാണ്. എന്നിരുന്നാലും കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കേണ്ടതുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

1. പ്രസവിച്ചതു മുതല്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ.

2. മുലപ്പാലില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്ന ഘടകങ്ങള്‍ ഉള്ളത് കാരണം കുഞ്ഞ് മികച്ച പ്രതിരോധശേഷി കൈവരിക്കുന്നു.

3. മുലയൂട്ടുന്ന സമയത്ത് അമ്മ മാസ്‌ക് ധരിക്കേണ്ടതാണ്.

4. മുലയൂട്ടുന്നതിന് മുന്‍പ് അമ്മ കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം.

5. മുലയൂട്ടുന്നതിനു മുന്‍പും ശേഷവും സ്തനങ്ങള്‍ ശുദ്ധജലമുപയോഗിച്ച് കഴുകേണ്ടതാണ്.

6. അമ്മക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്താല്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിന് കൊടുക്കേണ്ടതാണ്.

7. പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കുന്നവരാണെങ്കില്‍ അത് അണുവിമുക്തമാക്കിയ കുപ്പിയില്‍ മാത്രം സൂക്ഷിക്കുക.

8. പിഴിഞ്ഞെടുത്ത പാല്‍ നാല് മണിക്കൂര്‍ വരെ റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കാവുന്നതാണ്.

7. പിഴിഞ്ഞെടുത്ത പാല്‍ കുടുംബത്തിലെ ആരോഗ്യമുള്ള വ്യക്തി കുഞ്ഞിന് കൊടുക്കേണ്ടതാണ്.

8. ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ അത് എടുക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.

9. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.

10. സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകള്‍ പാലിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക

11. നിങ്ങളുടെ ഭവനത്ത് സമ്പര്‍ക്ക വിലക്കില്‍ പ്രവേശിച്ച വ്യക്തികള്‍ ഉണ്ടെങ്കില്‍ ബന്ധു വീടുകളില്‍ മാറിത്താമസിക്കുക.

12. കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ഫോണില്‍ ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ കാള്‍ സെന്ററുമായി (1056) ബന്ധപ്പെടുക.

corona precautions

 ശ്വാസകോശ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടി വരുന്ന ഒരു വിഭാഗമാണ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍. ഇത്തരക്കാര്‍ക്ക് കൊവിഡ് 19 പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാനും സങ്കീര്‍ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലുമാണ്. അതിനാല്‍ ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ വളരെ കരുതലോടെ രോഗബാധയേല്‍ക്കാതെ കഴിയേണ്ടത് അത്യാവശ്യവുമാണ്.

ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സിഒപിഡി രോഗികള്‍ ആണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലോ അല്ലെങ്കില്‍ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും ശ്വാസംമുട്ട്, റെസ്പിറേറ്ററി ഫെയിലിയര്‍, എആര്‍ഡിഎസ് (ARDS ) എന്നീ അവസ്ഥയിലേക്ക് എത്തിച്ചേരുവാനും കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തുമ്പോഴാണ് വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരുന്നത്.

ആസ്ത്മ രോഗികളും വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടം കൂടിയാണിത്. കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകും എന്നു മാത്രമല്ല ലോക്ക്ഡൗണ്‍ ഭാഗമായോ റിവേഴ്‌സ് ക്വാറന്റീന്‍ ഭാഗമായോ വീട്ടില്‍ അടച്ചു ഇരിക്കുമ്പോള്‍ പൊടിപടലങ്ങളും പുകയും കാരണം അസ്തമ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.

ബുദ്ധിമുട്ടുകള്‍ എന്തൊക്കെ ?

അടിയന്തര സാഹചര്യത്തില്‍ വൈദ്യ സഹായം തേടാനും കൃത്യമായ ഫോളോ അപ്പ് നടത്താനുമുള്ള ബുദ്ധിമുട്ടുകള്‍. കൊവിഡ് രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത് ശ്വാസകോശ രോഗികളെ ആണ്. അത് ഗുരുതരാവസ്ഥ പ്രാപിക്കുന്നത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളിലേക്കാണ്.
തുമ്മുക, ചുമയ്ക്കുക, കിതയ്ക്കുക എന്നിവ കാണുമ്പോള്‍ മറ്റുള്ളവര്‍ കൊവിഡ് രോഗലക്ഷണങ്ങളായി വ്യാഖ്യാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങള്‍.

എന്തൊക്കെ ശ്രദ്ധിക്കണം ?

1. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.

2. സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുക.

3. മരുന്നുകള്‍ കൃത്യമായി കഴിക്കുക, ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ച പോലെ ഇന്‍ഹേലര്‍ കൃത്യമായി എടുക്കുക.

4. സാധാരണ സിഒപിഡി രോഗികള്‍ക്ക് ഉണ്ടാകുന്ന അനുബന്ധ രോഗങ്ങളായ രക്താദിമര്‍ദ്ദം, പ്രമേഹം അതുപോലെ ഹൃദ്രോഗങ്ങള്‍ അതിനുള്ള മരുന്നുകളും കൃത്യമായി കഴിക്കുക.

5. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

ഇന്റെര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ് ( lLD) ,സിഓപിഡി പോലെയുള്ള ഗുരുതരമായ സ്റ്റേജില്‍ ഉള്ള രോഗികള്‍ പലരും വീട്ടില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും അങ്ങനെയുള്ളവര്‍ അതു മുടക്കാനും പാടുള്ളതല്ല. ശരിയായ പോഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം പ്രോട്ടീന്‍ അഥവാ മാംസ്യത്തിന്റെ അഭാവം രോഗപ്രതിരോധശേഷി കുറയുവാനോ ശാരീരിക അവയവങ്ങളുടെ ക്ഷമത കുറയുവാനോ കാരണമാകുന്നതായിരിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക.

ആസ്മ രോഗികള്‍ വീട്ടില്‍ അടച്ചു ഇരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാതിലുകളും ജനലുകളും തുറന്നിടാനും വീടിനകം പരമാവധി വൃത്തിയാക്കി സൂക്ഷിക്കുവാനുമാണ്. മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ ഇരിക്കുക. ഇതു പാലിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഗുരുതരമാകാതെ തടയാന്‍ സാധിക്കും എന്നത് മാത്രമല്ല ലോക്ക്ഡൗണും റിവേഴ്‌സ് ക്വാറന്റീന്‍ കാലഘട്ടവും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത്തരം വ്യക്തികളില്‍ കൊവിഡ് 19 രോഗബാധ വരാതെ തടയുവാനും സാധിക്കും.

corona precautions

കേരളത്തിലേക്ക് വരുന്നവര്‍ പാലിച്ചിരിക്കേണ്ട നിബന്ധനകള്‍

1. കേരളത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വെബ് പോര്‍ട്ടലില്‍ രജിസ്റ്റെര്‍ ചെയ്യേണ്ടതാണ്.

2. വ്യക്തിഗത വിവരങ്ങള്‍, എത്തിചേരുന്ന വിവരം, എത്തിച്ചേരേണ്ട സ്ഥലം, ശാരീരിക അവസ്ഥ സംബന്ധിക്കുന്ന വിവരം, ഐസോലേഷനു തെരെഞ്ഞെടുത്തിരിക്കുന്ന സ്ഥലം ( വീട്/ കൊവിഡ് കെയര്‍ സെന്റര്‍ ), പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന കൊവിഡ് പരിശോധന ഫലം, ട്രെയിന്‍ യാത്ര തുടങ്ങുന്നതിനു മുന്‍പുള്ള മുഴുന്‍ യാത്രാ വിവരങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ നല്‍കേണ്ടതാണ്.

3. ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ക്യുആര്‍ കോഡ് നല്‍കുന്നതാണ്

5. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികള്‍ യാത്രയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുമാണ്.

റെയില്‍വേ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍

1. ഓരോ കമ്പാര്‍ട്ടുമെന്റിലും ഉള്ളില്‍ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും ഒരു വാതിലിലൂടെ മാത്രമേ കഴിയൂ. മറ്റു വാതിലുകളെല്ലാം തന്നെ അടച്ചിരിക്കുന്നതാണ്.

3. ഓരോ നിരയിലും ഒരു യാത്രക്കാരനെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ

3. ഏസി കോച്ചുകളില്‍ പ്രവേശനം അനുവദിക്കുന്നതായിരിക്കില്ല

4. പരിശോധന സൗകര്യാര്‍ഥം എല്ലാ റയില്‍വേ സ്റ്റേഷനുകളിലും ഒരു വാതിലിലൂടെ മാത്രമേ പുറത്തുകടക്കാന്‍ അനുവദിക്കുകയുള്ളൂ.

റെയില്‍വേ സ്‌ക്രീനിംഗ് ടീം പ്രവര്‍ത്തന രീതി

1. എല്ലാ സംസ്ഥാനത്തേയും നിര്‍ദ്ദേശിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തനക്ഷമമാക്കേണ്ടതുമാണ്.

2. സ്‌ക്രീനിങ്ങ് ടീമില്‍ മെഡിക്കല്‍ ഓഫീസര്‍, ഫീല്‍ഡ് സ്റ്റാഫ് / പാരാമെഡിക്കല്‍ സ്റ്റാഫ് കൂടാതെ ഒരു വോളന്റിയറും സംഘത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്.

3. നാലു ടീമുകള്‍ നാലു ഷിഫ്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തേണ്ടതാണ്.

4. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചു കൂടുതല്‍ ടീമുകളെ ജില്ലകളില്‍ നിന്നും വിന്യസിക്കുന്നതായിരിക്കും.

5. ടീമുകളെ വിന്യസിക്കുന്നതിന് മുന്‍പായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനെ പറ്റിയും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളെ പറ്റിയും ട്രെയിനിംഗ് കൊടുക്കേണ്ടതാണ്.

6. റെയിവേ സ്റ്റേഷനുകളില്‍ റയില്‍വേയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും സ്‌ക്രീനിംഗ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

6. കൗണ്ടര്‍ സജ്ജീകരിക്കുന്നതിനും തിരക്ക് നിയന്ത്രിച്ചു യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യിക്കുന്നതിനും റെയില്‍വേ ജീവനക്കാര്‍ സഹായിക്കേണ്ടതാണ്. കൂടാതെ സര്‍ക്കാര്‍ അനുശാസിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളും സാമൂഹിക അകലവും യാത്രക്കാര്‍ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്തേണ്ട ചുമതലയും റയില്‍വേ ജീവനക്കാര്‍ക്കാണ്.

7. ലോജിസ്റ്റിക്‌സ് ടീം ഹെല്‍ത്ത് ഡെസ്‌ക്കുകള്‍ക്ക് വേണ്ട അവശ്യസാധനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടീം എത്തിചേരുന്ന യാത്രക്കാരുടെ വീടുകള്‍/കൊവിഡ് കെയര്‍ സെന്റര്‍/ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഉള്ള യാത്രകള്‍ ക്രമീകരിക്കുകയും അവിടേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ്.

Story Highlights: arogyakeralam, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here