Advertisement

‘നിങ്ങൾ സിനിമയിലേക്ക് വരും’; ലോഹിതദാസിന്റെ പ്രവചനം ഓർമിച്ച് ബിബിൻ ജോർജ്

May 24, 2020
Google News 1 minute Read
bibin geroge writes lohithadas

അനശ്വരനായ തിരക്കഥാകൃത്ത് ലോഹിതദാസിൻ്റെ ഓർമ്മകൾ പങ്കുവച്ച് യുവ തിരകഥാകൃത്ത് ബിബിൻ ജോർജ്. ലോഹിതദാസിൻ്റെ ചക്രം എന്ന സിനിമയിലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ബിബിൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചത്. അവിടെ വെച്ച് താൻ സിനിമയിൽ എത്തുമെന്ന് ലോഹിതദാസ് പറഞ്ഞു എന്ന് അദ്ദേഹം എഴുതുന്നു.

ബിബിൻ്റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്.

ഞാൻ കലാഭവനിൽ മിമിക്രി പഠിച്ചുകൊണ്ടിരുന്ന കാലത്തു അവിടേക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്നു.

എന്റെ പരിപാടി കണ്ടിട്ടാണോ എന്നറിയില്ല, പുള്ളി എന്നെ നോട്ട് ചെയ്തു. എന്നിട്ട് പറഞ്ഞു, “ലോഹിത ദാസ് സാറിന്റെ ചക്രം എന്നൊരു പുതിയ സിനിമ വരുന്നുണ്ട്. അതിലേക്ക് ഒരു ക്യാരക്ടറിന് വേണ്ടിയിട്ടാണ്. ഒന്ന് വന്നു സാറിനെ കാണാവോ?”

ഒരു പതിനാറ് വയസ്സ്കാരന് ഇങ്ങനെ ഒരു ഓഫർ വന്നത് വലിയ സന്തോഷമായി. ആ സമയത്തൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടനാവുക എന്നുള്ളതായിരുന്നു. തിരക്കഥാകൃത്ത് എന്നുള്ളത് ചിന്തിച്ചിട്ടുപോലും ഇല്ല. ഒരു സ്കിറ്റ് പോലും എഴുതിയിട്ടില്ലാത്ത സമയമാണത്‌.

അപ്പൻ പണിക്ക് പോകുന്നത് കൊണ്ട്, ബിനു അങ്കിൾ ആണ് എന്റെ ചിലവുകൾ എടുത്ത് എന്നെയും കൊണ്ട് പാലക്കാട് പോയത്.
ഇന്ദ്രപ്രസ്ഥം ഹോട്ടലിൽ വെച്ച്, മഹാനായ ലോഹിതദാസ് സാറിനെ ഞാൻ നേരിൽ പരിചയപ്പെട്ടു. എന്റെ ഓഡിഷൻ, എന്നെ ജസ്റ്റ് ഒന്ന് കാണൽ മാത്രമായിരുന്നു. പൃത്വിരാജ് ചേട്ടന്റെ പ്രധാന കഥാപാത്രത്തോടൊപ്പമുള്ള ഒരുവേഷത്തിനു വേണ്ടി ആയിരുന്നു ആ ഓഡിഷൻ. ഞാൻ വളരെ മേലിഞ്ഞിരിക്കുകയും രാജു ചേട്ടനൊപ്പമുള്ള ആ കോംബോ കഥാപാത്രത്തിലേക്ക് ഒട്ടും അനുയോജ്യമല്ലെന്ന് എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് മനസ്സിലായി. അത് അവിടെ വെച്ച് തന്നെ അദ്ദേഹം പറയുകയും ചെയ്തു.

പിന്നീട് ആ ക്യാരക്ടർ ചെയ്തത് വിജീഷ് (നൂലുണ്ട) ആയിരുന്നു. എനിക്കവിടെവെച്ച് ഒരു നിരാശയും തോന്നിയില്ല. പകരം, ഞാൻ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുകയായിരുന്നു. തനിയാവർത്തനവും കിരീടവും ഹിസ് ഹൈനസ് അബ്‍ദുള്ളയും അമരവും അങ്ങനെ അങ്ങനെ…ഒരുപാട് സിനിമകൾ കണ്ട് ഞാൻ ആ സമയത്തെ അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആയിരുന്നു. എങ്ങനെയാണ് കുടുംബ ബന്ധങ്ങൾക്കിടയിലെ ഇത്തരം കഥകൾ ഉണ്ടാക്കുന്നത് എന്നുള്ള ചിന്ത എനിക്ക് എപ്പോഴും ഉണ്ടായിരുന്നു.

ഓഡിഷനു വന്ന ആളോടുള്ള പോലെ അല്ല സാർ എന്നോട് പെരുമാറിയത്. അവിടെയാണ് ഞാൻ ഞെട്ടിപോയത്. വേറൊന്നുമല്ല. അദ്ദേഹം എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. അതിന് ശേഷം എന്റെ ഓരോ കാര്യങ്ങൾ ചോദിക്കുകയുണ്ടായി. കുഞ്ഞിലെ കാര്യങ്ങൾ, വീട്ടിലെ വിശേഷങ്ങൾ, എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ, മിമിക്രിയിലെ കാര്യങ്ങൾ…

ഇടയ്ക്ക് മിമിക്രി ചെയ്യിപ്പിച്ചു. അത് അദ്ദേഹം ആസ്വദിച്ചു. ഒരു ഒന്നൊന്നര മണിക്കൂർ ആ ഹോട്ടലിൽ സാർ എന്റെ ഒപ്പം ഇരുന്നു സംസാരിച്ചിട്ടുണ്ടാകും.

“എന്റെ സിനിമയിൽ ആണ് നിങ്ങൾ ഇല്ലാത്തത്, ഒരിക്കൽ നിങ്ങൾ സിനിമയിൽ വരും”- ഇറങ്ങാൻ നേരത്ത് ഇങ്ങനെ പറഞ്ഞിട്ട് എനിക്ക് അദ്ദേഹത്തിന്റെ വീട്ടിലെ ഫോൺ നമ്പർ തന്നു. അതിലേക്ക് വിളിക്കണം എന്ന് പറഞ്ഞു.

ആ സിനിമയിൽ എനിക്ക് വേഷം കിട്ടില്ലെന്ന് അറിഞ്ഞിട്ടും എല്ലാം കഴിഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ അത്രയ്ക്ക് സന്തോഷത്തോടെയാണ് ഇറങ്ങിയത്. ശരിക്ക് പറഞ്ഞാൽ ആ ഒന്നൊന്നര മണിക്കൂർ എന്റെ ജീവിതത്തിലെ ഒരു അത്ഭുതം പോലെ ആയിരുന്നു. തിരിച്ച് വന്നതിനു ശേഷം പല തവണ ഓർത്തെങ്കിലും ആ ഒരു നമ്പറിലേക്ക് ഞാൻ വിളിച്ചിട്ടില്ല. വിളിക്കാൻ തോന്നിയില്ല. എനിക്കതിനുള്ള ധൈര്യം ഇല്ലായിരുന്നു എനുള്ളതാണ് സത്യം. ഒരു ഇന്റർവ്യൂ ൽ പോലും ഞാൻ ഈ കാര്യം പങ്കുവെച്ചിട്ടില്ല. അപ്പോഴും ഇപ്പോഴും എനിക്കത് ഒരു സ്വപ്നം പോലെയാണ്.

ഞാൻ അഭിനയിക്കാനും നടൻ ആകണം എന്നും ആഗ്രഹിച്ച ആളാണ്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് വന്നു. തിരക്കഥ എന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത ഞാൻ സാറിന്റെ കാല് തൊട്ട് വന്ദിച്ചത് കൊണ്ടാകണം അവരുടെ ഒന്നും ഏഴ് അയൽ വക്കത്ത് നിൽക്കാൻ പറ്റില്ലെങ്കിലും അദ്ദേഹം ഒക്കെ ഉണ്ടായിരുന്ന മലയാള സിനിമയിലേക്ക് തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് തുടക്കം ഉണ്ടായത്. അത് ഓർക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്.

അന്ന് അദ്ദേഹം പറഞ്ഞ പോലെ മലയാള സിനിമയുടെ ഒരു കോണിൽ ഞാനും ഉണ്ട്. ഇപ്പോഴത്തെ പുതിയ സിനിമകൾക്കിടയിലും ലോഹിതദാസ് സാർ എന്ന ലെജന്റിനെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. എവിടെയും പങ്ക് വെക്കാത്ത ഈ ഒരു നല്ല ഓർമ്മ പറഞ്ഞ് ഈ ഒരു ഗ്രൂപ്പിലേക്ക് വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

Story Highlights: Bibin George writes about lohithadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here