രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ, കുടിയേറ്റ തൊഴിലാളികള്‍ക്കും നാടുകളിലേക്ക് മടങ്ങുന്നവര്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണെന്ന് തമിഴ്‌നാടും കര്‍ണാടകയും അറിയിച്ചു. ഡല്‍ഹിയില്‍ അറുപത് കഴിഞ്ഞ തടവുപുള്ളികള്‍ക്ക് അടിയന്തരമായി പരോള്‍ അനുവദിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു.
ഉത്തര്‍പ്രദേശില്‍ ഇതുവരെ 1423 കുടിയേറ്റ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ബിജ്‌നോറില്‍ ഒടുവിലായി സ്ഥിരീകരിച്ച ആറ് രോഗികളും കുടിയേറ്റ തൊഴിലാളികളാണ്.
ത്രിപുരയില്‍ പതിനാറ് പേര്‍ക്കും ഉത്തരാഖണ്ഡില്‍ 55 തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 759 പുതിയ കേസുകളില്‍ 719 ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 216 പുതിയ കേസുകളില്‍ 187 പേരും മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിവന്നവരാണ്.
അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2608 കേസുകളും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47910 ഉം മരണം 1577 ഉം ആയി. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 13669 ഉം മരണം 829 ഉം ആയി. 23 പേര്‍ കൂടി മരിച്ചെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. 591 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: coronavirus, migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here