കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണം എത്രത്തോളം ആവശ്യം…?

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചും മഹാമാരിയുടെ കാലത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താന്‍ ലോക ആരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ലോകാരോഗ്യ അസംബ്ലിയില്‍ ഇതുസംബന്ധിച്ച പ്രമേയം പാസായതിനെത്തുടര്‍ന്നാണിത്. അന്വേഷണത്തെ ആദ്യം എതിര്‍ത്ത ചൈന പിന്നീട് രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ആരോഗ്യ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയനും മറ്റ് ചില രാജ്യങ്ങളുമാണ് കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചും മഹാമാരിയുടെ കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്തണമെന്ന പ്രമേയം കൊണ്ടുവന്നത്.
ഇന്ത്യയടക്കം 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഇത്തവണ ഓണ്‍ലൈനായാണ് നടന്നത്. കൊവിഡ് സമയത്ത് ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണ് എന്നാണ് പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ പ്രമേയത്തില്‍ കൊവിഡ് ആദ്യം പൊട്ടിപുറപ്പെട്ടെന്ന് കരുതുന്ന ചൈനയെക്കുറിച്ചോ വുഹാനെക്കുറിച്ചോ പരാമര്‍ശമുണ്ടായിരുന്നില്ല.
കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ ആദ്യ ഘട്ടത്തില്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ലോകാരോഗ്യ അസംബ്ലിയില്‍ ചൈന നിലപാടില്‍ അയവുവരുത്തി. കൊവിഡിനെതിരായ പോരാട്ടം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനെ ചൈന അനുകൂലിക്കുന്നതായി പ്രസിഡന്റ് ഷിജിന്‍പിങ് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ ചൈനയുടെ കൈയിലെ കളിപ്പാവയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ അന്വേഷണമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സംഘടനയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സംഘടന അതിന്റെ ചൈനീസ് പക്ഷപാതം അവസാനിപ്പിച്ചില്ലെങ്കില്‍ എന്നന്നേയ്ക്കുമായി സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറുമെന്നും കാണിച്ച് ട്രംപ് സംഘടനാ മേധാവി ടെഡ്രോസ് അദനത്തിന് കത്തയച്ചിരുന്നു. മാത്രമല്ല കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്നും ചൈനയുടെ കഴിവുകേടാണ് ലോകത്ത് മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് കാരണമായതെന്നും ട്രംപ് ആരോപിച്ചിരുന്നു. അമേരിക്കയെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചതെന്നും കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ നടക്കുമ്പോള്‍ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപിന്റെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.
അതേസമയം അന്വേഷണത്തെ പിന്തുണച്ചുകൊണ്ടുള്ള ചൈനയുടെ ഇപ്പോഴത്തെ നിലപാട് അവരുടെ അടവാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അന്വേഷണം ഏത് തരത്തിലുള്ളതായിരിക്കുമെന്നതിനെക്കുറിച്ചോ എത്രത്തോളം സ്വതന്ത്രമാകുമെന്നതിനെക്കുറിച്ചോ വ്യക്തതയില്ല. എത്ര കാലത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വരുത്താന്‍ ലോകാരോഗ്യ സംഘടനയ്ക്കായിട്ടില്ല.
Story Highlights: coronavirus, Covid 19, Lockdown, hotspot,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here