വിദേശത്തുനിന്ന് കൂടുതല്‍ വിമാന സര്‍വീസിന് ശ്രമിക്കും: മുഖ്യമന്ത്രി

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയത്തിന് കത്തുനല്‍കിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തരായി

ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നങ്ങളും നിരന്തരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ട്. വീസയുടെ കാലാവധി കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിയമക്കരുക്കില്‍ പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍പോയി പെട്ടുപോയവരെ തിരികെ എത്തിക്കുക എന്നത് അടിയന്തരാവശ്യമാണ്. നോര്‍ക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപെടുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക് മലയാളികള്‍ കൂടുതലുള്ള എല്ലാരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാണ്.

Read Also: കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍

വീസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതരായവര്‍, വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വന്ദേഭാരത് മിഷനില്‍ ഇനിയും ഉള്‍പ്പെടാത്ത ധാരാളം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. എല്ലാവരെയും കൊണ്ടുവരാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തിരിച്ചുവരുന്നവര്‍ക്ക് വൈദ്യപരിശോധനയും ക്വാറന്റീനും ചികിത്സയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.

ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ എന്നിവരുടെ വിമാന ടിക്കറ്റിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം. ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ പി. നായര്‍, ഡോ. എം. അനിരുദ്ധന്‍, സജിമോന്‍ ആന്റണി, ഡോ. ബോബി വര്‍ഗീസ്, ടോമി കൊക്കാട്ട്, ജെസി റിന്‍സി, ജോര്‍ജ് വര്‍ഗീസ്, അനുപമ വെങ്കിടേശന്‍, കുര്യന്‍ പ്രക്കാനം, എസ്.കെ. ചെറിയാന്‍, യു.എ. നസീര്‍, ഷിബു പിള്ള, ഡോ. നരേന്ദ്ര കുമാര്‍, ബൈജു പകലോമറ്റം, ആനിജോണ്‍, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോര്‍ജ് കാക്കനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Read Also: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ഒഐസി കാര്‍ഡുള്ളവരെ ഈ ഘട്ടത്തില്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന പ്രശ്‌നം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയം ചില ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും കേന്ദ്രസര്‍ക്കാരുമായി തുടര്‍ന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ല. നോര്‍ക്കവഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ മെയ് അഞ്ചിന് തന്നെ വിദേശ മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിമാനം നാട്ടിലെത്തും. വിദേശത്ത് കുടുങ്ങിയവരെ തിരികെകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: try to get more airline from abroad cm 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top