സൗദിയിൽ മറ്റന്നാൾ മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

relaxation in lock down saudi

സൗദിയിൽ മറ്റന്നാൾ മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നു. ഞായറാഴ്ച ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും. പള്ളികളിൽ പ്രാർഥന അനുവദിക്കും. റസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാം. ജൂൺ 21 മുതൽ സൗദി സാധാരണ നിലയിലേക്ക് പോകും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വ്യാഴാഴ്ച മുതൽ കർഫ്യൂ, ലോക്ക് ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും. മക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ രാവിലെ 6 മണി മുതൽ വൈകീട്ട് മൂന്നു മണി വരെ പുറത്തിറങ്ങാൻ വാഴാഴ്ച മുതൽ അനുമതി നൽകും. ഈ സമയത്ത് ഒരു പ്രവിശ്യയിൽ നിന്നു മറ്റ് പ്രവിശ്യയിലേക്കും ഒരു നഗരത്തിൽ നിന്നു മറ്റൊരു നഗരത്തിലേക്കും യാത്ര ചെയ്യാം. ഷോപ്പിങ് മാളുകൾക്കും മൊത്ത ചില്ലറ വിൽപ്പന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

മെയ് 31 മുതൽ രാവിലെ 6 മണി മുതൽ രാത്രി 8 വരെ പുറത്തിറങ്ങാം. ആഭ്യന്തര വിമാന സർവീസുകളും ഈ ഘട്ടത്തിൽ പുനരാരംഭിക്കും. നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് പ്രവർത്തിക്കാം. മക്ക ഒഴികെയുള്ള പള്ളികളിൽ നിസ്‌കാരം അനുവദിക്കും. റസ്റ്റോറന്റുകൾക്കും കോഫീ ഷോപ്പുകൾക്കും തുറന്നു പ്രവർത്തിക്കാം. ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, സിനിമാ ശാലകൾ തുടങ്ങി സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾ ഈ ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കുള്ള നിയന്ത്രണങ്ങളും തുടരും. ജൂൺ 21 മുതൽ സൗദി സാധാരണ നിലയിലേക്ക് പോകും.

സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണനങ്ങൾ പാലിച്ചുകൊണ്ട് ഏതാണ്ട് എല്ലാ സർവീസുകളും പുനരാരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീ അറിയിച്ചു. ഉംറ തീർത്ഥാടനത്തിനും, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുള്ള നിയന്ത്രണം തുടരും. കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിനും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുന്നതിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മുക്കാൽ ലക്ഷത്തോളം കൊവിഡ് കേസുകളും നാനൂറോളം കൊവിഡ് മരണവുമാണ് സൗദിയിൽ ഇതുവരെ റിപോർട്ട് ചെയ്തത്.

Story Highlights- relaxation in lock down saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top