എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി

ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികൾക്കൊപ്പം എത്തുന്ന മാതാപിതാക്കളോ ഡ്രൈവറോ സ്‌കൂളിലേക്ക് പ്രവേശിക്കരുത്. പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പരീക്ഷാസമയം തീരുന്നതുവരെ അവർ കാത്തുനിൽക്കരുതെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

മറ്റ് നിർദേശങ്ങൾ

കുട്ടികളുമായി എത്തുന്ന ബസ്സുകൾക്ക് സ്‌കൂൾ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളിൽ ഗേറ്റിന് 100 മീറ്റർ മുൻപായി ബസ് നിർത്തി കുട്ടികളെ ഇറക്കിയശേഷം കുട്ടികളെ സാമൂഹ്യ അകലം പാലിച്ച് പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം.

മറ്റ് വാഹനങ്ങളിൽ എത്തുന്ന കുട്ടികൾ ഗേറ്റിന് 100 മീറ്റർ മുൻപുതന്നെ വാഹനം നിർത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം.

പരീക്ഷ കഴിയുമ്പോൾ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുത്.

സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പരീക്ഷയ്ക്ക് ശേഷം പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

Story highlight: State Police Chief issued guidance on SSLC and Plus Two examinations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top