കോഴിമുട്ടയ്ക്ക് പച്ചക്കരു!!! പിന്നിലെ രഹസ്യം കണ്ടെത്തി ഗവേഷകർ

പച്ചമുട്ടയിലെ രഹസ്യം കണ്ടെത്തി വെറ്റിറിനറി സർവകലാശാല. മലപ്പുറം ഒതുക്കുങ്ങലിലെ ഷിഹാബുദിന്റെ ഉടമസ്ഥതയിലുള്ള കോഴികൾ പച്ചക്കരു ഉള്ള മുട്ടയിടുന്നുവെന്ന വാർത്ത വൈറലായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച് ഗവേഷകർ തലപുകയ്ക്കാനും തുടങ്ങി. എന്നാൽ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വെറ്റിറിനറി സർവകലാശാലയിലെ വിദഗ്ധര്‍.
സമൂഹ മധ്യമങ്ങളിലൂടെയാണ് കടുംപച്ച ഉണ്ണിയുള്ള മുട്ടയുടെ വാർത്ത ലോകമറിഞ്ഞത്. അത്തരത്തിലുള്ള മുട്ട കഴിക്കുന്നതിൽ ആശങ്ക ആളുകൾ പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഉടമ ശിഹാബുദീൻ വിവിധയിനം ഫാൻസി കോഴികളുമായി നാടൻ കോഴികളെ ക്രോസ് ചെയ്യിച്ചതിനാലാണോ ഇങ്ങനെ നടന്നതെന്ന സംശയം ഉന്നയിച്ചും രംഗത്തെത്തി.
ആശങ്കകൾ ഏറിയപ്പോൾ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിർദേശം അനുസരിച്ച് സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം, ഡോ. ഹരികൃഷ്ണൻ, മലപ്പുറത്തെ മൃഗസംരക്ഷണ വകുപ്പിലെ പ്രൊജക്ട് ഡയറക്ടറായ ഡോ. സുരേഷ് തുടങ്ങിയവർ ഒതുക്കുങ്ങലിലെ ശിഹാബുദീന്റെ വീടും തൊട്ടടുത്ത ഫാമും സന്ദർശിച്ചു.
സർവകലാശാല വിഷയത്തിൽ പഠനമാരംഭിച്ചു. കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിലെ വ്യത്യാസമാണ് മുട്ടയുടെ കരുവിന് മാറ്റം വരുത്തുന്നതെന്നായിരുന്നു സർവകലാശാലയിലെ വിദഗ്ധർ കരുതിയിരുന്നത്. എന്നാൽ കോഴികൾക്ക് സാധാരണ തീറ്റ തന്നെയാണ് നൽകുന്നതെന്നായിരുന്നു ശിഹാബുദീൻ പറഞ്ഞിരുന്നത്. സർവകലാശാല അധികൃതരുടെ വാദം അദ്ദേഹം തള്ളിയിരുന്നു.
ആറ് പിടക്കോഴികൾ, രണ്ട് പൂവൻ കോഴികൾ, കുറച്ച് കോഴിക്കുഞ്ഞുങ്ങൾ എന്നിവയായിരുന്നു ശിഹാബുദീന്റെ പക്കലുണ്ടായിരുന്നത്. അതിൽ ആറ് പിടക്കോഴികളും പച്ച മുട്ട തന്നെയായിരുന്നു നൽകി കൊണ്ടിരുന്നതും. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി പകുതി കോഴികൾക്ക് സർവകലാശാലയിൽ നിർമിച്ച തീറ്റ നൽകി തുടങ്ങി. മറ്റേ പകുതിക്ക് സാധാരണ തീറ്റയും.
ഒരാഴ്ചയ്ക്ക് ശേഷം കോഴികളുടെ രക്തവും മറ്റും പഠനവിധേയമാക്കാൻ മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും ഒരു പൂവൻ കോഴിയെയും സർവകലാശാല പൗൾട്രി സയൻസ് ഉന്നത പഠന വിഭാഗം കൊണ്ടുവന്നു. അവിടെ ഉത്പാദിപ്പിച്ചിരുന്ന തീറ്റ തന്നെ ഈ കോഴികൾക്ക് നൽകി. ഡോ. പി. അനിതയുടെ നേതൃത്വത്തിലായിരുന്നു പഠനം. കൂടാതെ സർവകലാശാലയിൽ മുട്ടയുടെ ഉണ്ണിയിൽ അടങ്ങിയ വിവിധ ഘടകങ്ങളും പരീക്ഷണ വിധേയമാക്കി.
Read Also:ഫോണും നോട്ടും അണുവിമുക്തമാക്കാം; പുതിയ കണ്ടുപിടിത്തവുമായി ഐഐടിയിലെ ഗവേഷകർ
എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ശിഹാബുദീന്റെ വീട്ടിലുണ്ടായിരുന്ന കോഴികൾ ഏതാണ്ട് മഞ്ഞക്കരു ഉള്ള മുട്ട ഉത്പാദിപ്പിച്ചു തുടങ്ങി. കൂടാതെ സർവകലാശാലയിലുണ്ടായിരുന്ന കോഴികളുടെ മുട്ട പരിശോധിച്ചപ്പോഴും കരുവിന്റെ നിറം മഞ്ഞയായിരുന്നു. അതിനാൽ തീറ്റയിലൂടെയാണ് മുട്ടയുടെ കരുവിന്റെ നിറം മാറിയതെന്ന് ഉറപ്പായി. ജനിതക വ്യതിയാനം മൂലമാണ് കോഴികൾ പച്ച ഉണ്ണിയുള്ള മുട്ടയിട്ടതെന്ന ഉടമയുടെ ആശങ്കയും മാറി. ഇനി കണ്ടെത്താനുള്ളത് ഭക്ഷണത്തിലടങ്ങിയ എന്ത് വസ്തുവിന്റെ സാന്നിധ്യം മൂലമാണ് മുട്ടക്കരുവിന്റെ നിറം പച്ചയായത് എന്നതാണ്. 1930 മുതൽ തന്നെ കൊഴുപ്പിൽ അലിയുന്ന നിറങ്ങൾ കാരണം മുട്ടക്കരുവിന്റെ നിറത്തിൽ മാറ്റമുണ്ടാകാം എന്ന തരത്തിൽ ശാസ്ത്ര ലേഖനങ്ങൾ പുറത്തുവന്നിരുന്നു.
Story highlights-veterinary university found out fact behind egg green yolk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here