ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ തോല്പിച്ചത് ധോണിയും കേദാറും: ബെൻ സ്റ്റോക്സ്

india vs england

ഇക്കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ തോല്പിച്ചത് മുൻ നായകൻ എംഎസ് ധോണിയും കേദാർ ജാദവുമാണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ധോണിയിൽ നിന്നോ കേദാർ ജാദവിൽ നിന്നോ ജയിക്കാനുള്ള യാതൊരു ശ്രമവും ഉണ്ടായില്ല. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നും സ്റ്റോക്സ് പറയുന്നു. ഓണ്‍ ഫയര്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സ്റ്റോക്ക്‌സ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

11 ഓവറിൽ ജയിക്കാൻ 112 റൺസ് വേണ്ട സാഹചര്യത്തിലും ധോണി കളിച്ചത് വിചിത്രമായ രീതിയിലായിരുന്നു. സിക്സറുകൾക്ക് ശ്രമിക്കേണ്ടതിനു പകരം സിംഗിളുകൾ നേടാനാണ് ധോണി ശ്രമിച്ചത്. ജാദവിൽ നിന്നും ജയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. ഇന്ത്യക്ക് വിജയിക്കാവുന്ന സാഹചര്യം ഉണ്ടായില്ല. പക്ഷേ, ഇരുവരും അതിനു ശ്രമിച്ചില്ല. വിജയസാധ്യതയുണ്ടെങ്കിൽ അതിനാവും ഞാൻ ശ്രമിക്കുക. ധോണിയും ഇന്ത്യയെ വിജയിപ്പിക്കാൻ ശ്രമിക്കും. പക്ഷേ, അന്ന് അതുണ്ടായില്ലെന്ന് സ്റ്റോക്സ് പറയുന്നു.

രോഹിതും കോലിയും അന്ന് ബാറ്റ് ചെയ്തത് വിചിത്രമായ രീതിയിലായിരുന്നു എന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു. തങ്ങളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അവർ ബാറ്റ് ചെയ്തില്ല. ഞങ്ങൾ നന്നായി പന്തെറിഞ്ഞു എന്നറിയാം. എങ്കിലും, അവർ ബാറ്റ് ചെയ്ത രീതി അത്ഭുതപ്പെടുത്തി. കളി ഞങ്ങൾക്ക് അടിയറ വെക്കുന്ന തരത്തിലുള്ള തന്ത്രമായിരുന്നു അത്.

Read Also:2003 ലോകകപ്പിൽ സച്ചിനെ 98ൽ നിൽക്കെ പുറത്താക്കിയത് തന്നെ വേദനിപ്പിച്ചു എന്ന് അക്തർ

338 റണ്‍സായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം. കളിയില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടപ്പെടുത്തി 337 റൺസെടുത്തപ്പോൾ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോയും ഇന്ത്യക്കായി രോഹിത് ശർമ്മയും സെഞ്ചുറി നേടിയിരുന്നു.

Story highlights-dhoni jadhav, india england, world cup, ben stokes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top