മിന്നൽ മുരളിയുടെ സെറ്റ് വർഗീയ കോമരങ്ങൾ നശിപ്പിച്ചെങ്കിൽ ഞങ്ങളുടെ സെറ്റിനു ഭീഷണി മഴ: വിസി അഭിലാഷ്

സബാഷ് ചന്ദ്രബോസ് എന്ന തന്റെ സിനിമക്ക് വേണ്ടി നിർമ്മിച്ച സെറ്റിന് മഴ ഭീഷണിയെന്ന് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വിസി അഭിലാഷ്. ലക്ഷക്കണക്കിനു തുക ചെലവഴിച്ച് മൂന്നു സെറ്റുകളാണ് നിർമ്മിച്ചതെന്നും കൊവിഡ് ബാധ മൂലം 15 ദിവസത്തിനു ശേഷം ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു എന്നും അഭിലാഷ് പറയുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അഭിലാഷ് തന്റെ ആശങ്ക പങ്കുവച്ചത്.
വിസി അഭിലാഷിന്റെ കുറിപ്പ്:
സബാഷ് ചന്ദ്രബോസിന് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മൂന്ന് സെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രീകരണം തുടങ്ങി 15-ാം ദിവസം കോവിഡ് ബ്രേക്കെടുപ്പിച്ചു. 30 ദിവസത്തെ ഷൂട്ടിംഗ് ഇനി ബാക്കിയുണ്ട്. രണ്ട് മാസത്തിലേറെക്കാലമായി ആ സെറ്റുകളെ കുറിച്ചോർത്ത് ടെൻഷനടിച്ച് വീട്ടിലിരുപ്പാണ്.
ബേസിൽ ജോസഫിൻ്റെ വ്യഥ എനിക്ക് മനസിലാവും. അദ്ദേഹത്തിൻ്റെ സിനിമയെ വർഗീയ കോമരങ്ങളാണ് വേദനിപ്പിച്ചതെങ്കിൽ ഞങ്ങൾക്കത് മഴയുടെ രൂപത്തിൽ കൺമുന്നിൽ നിൽക്കുകയാണ്. ഡമോക്ലീസിന്റെ വാൾ പോലെ!
സിനിമയുടെ പൂർണ്ണതയ്ക്ക് അവ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന ഒരു നല്ല മനുഷ്യൻ്റെ, നിർമ്മാതാവിൻ്റെ പണമാണ് ആ സെറ്റുകൾ.
പ്രൊഡക്ഷൻ ഡിസൈനർ സാബുറാമും സഹപ്രവർത്തകരും ഏറെ നാൾ പ്രയത്നിച്ചാണ് എൻ്റെ ചിന്തയ്ക്കിണങ്ങിയ വിധം അവ സാധ്യമാക്കിയത്.
ഓരോ മഴയിലും ചങ്കിടിപ്പ് കൂടുകയാണ്. മെയ്-ജൂൺ മാസത്തെ മഴയെ അതിജീവിക്കാമെന്ന് പ്രതീക്ഷയുണ്ട്. എന്നാൽ അതിന് ശേഷം വരുമെന്ന് പറയപ്പെടുന്ന അധിവർഷം അഥവാ പ്രളയത്തെ എങ്ങനെ ആ സെറ്റുകൾ അതിജീവിക്കും?
സെറ്റിട്ട് ചിത്രീകരണം ആരംഭിച്ച് കോവിഡ് കാരണം ബ്രേക്കെടുക്കേണ്ടി വന്ന സിനിമകൾ അധികമില്ലെന്നാണ് അറിവ്. അവയ്‌ക്കെക്കെങ്കിലും ക്രൂ എണ്ണം കുറച്ച് സുരക്ഷാ മുൻകരുതലുകളോടെ നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ അനുമതി കിട്ടുമോ?
അത്തരം സിനിമകൾക്ക് ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ബഹു. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും പറഞ്ഞിരുന്നു.അത് സാധിച്ചാൽ ജൂൺ ആദ്യവാരം മുതൽ ഷൂട്ടിംഗ് തുടങ്ങി വലിയ അപകടങ്ങൾക്ക് മുമ്പ് പൂർത്തിയാക്കാം.
പ്രിയപ്പെട്ട ബേസിൽ, താങ്കളും സഹപ്രവർത്തകരും ഇപ്പോൾ നേരിടുന്ന ഈ വേദനയിൽ, ഈ നിസഹായാവസ്ഥയിൽ ഞങ്ങളും ഒപ്പം ചേരുന്നു.
Story Highlights- Vc abhilash Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here