Advertisement

പതിനെട്ടാം വയസിൽ മൊട്ടിട്ട കഥ പത്ത് വർഷങ്ങൾക്കിപ്പുറം പുസ്തകമാക്കി; ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി മലയാളി യുവാവ്

May 28, 2020
Google News 3 minutes Read
ashvin raj author amazon best seller book

അശ്വിൻ രാജ്/ ബിന്ദിയ മുഹമ്മദ്

കഥകൾ വായിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ട് ? ലോക്ക്ഡൗൺ കാലത്ത് മിക്കവരും പുസ്തകങ്ങളെ കൂട്ടുപിടിച്ച് കഥകളുടെ മായാ ലോകത്ത് വിഹരിക്കുകയാണ്….തിരുവനന്തപുരം പേരൂർക്കടയിലെ വീടിന്റെ തറയിലിരുന്ന് ചിതറിയിട്ട വെള്ളക്കടലാസുകളിൽ പുസ്തക പ്രേമികൾക്കായി അശ്വിൻ തീർത്തതും അത്തരമൊരു ലോകമാണ്…തന്റെ പതിനെട്ടാം വയസ് മുതൽ മനസിൽ ഉരുത്തിരിഞ്ഞ ആശയം പത്ത് വർഷങ്ങൾക്കിപ്പുറം കഥാ രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അശ്വിൻ എന്ന ഇരുപത്തിയെട്ടുകാരനെ കാത്തിരുന്ന ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടവും….’മൈ ഗേൾഫ്രണ്ട്‌സ് ജേണൽ’ എന്ന കഥ ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചതോടെ അന്താരാഷ്ട്ര അക്ഷരലോകത്തെ മറ്റൊരു മലയാളി സാന്നിധ്യമായി മാറിയിരിക്കുകയാണ് അശ്വിൻ രാജ്.

അഞ്ചാം ക്ലാസിൽ സ്വന്തമായി എഴുതിയ ഇംഗ്ലീഷ് കഥ സഹപാഠികൾക്ക് മുന്നിൽ വായിക്കാൻ തൊണ്ടയിടറിയും കൈ വിറ ച്ചും  നിന്നപ്പോൾ ആരും കരുതിയില്ല ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾ ആർത്തിയോടെ വായിക്കാൻ പോകുന്ന ഒരു പുസ്‌കത്തിന്റെ രചയിതാവാകും അശ്വിൻ എന്ന്….എഞ്ചിനിയറിംഗ് ബിരുദ പഠനത്തിന് ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അശ്വിനെ ഞെട്ടിച്ചുകൊണ്ടാണ് ആദ്യ കൃതിക്ക് തന്നെ ബെസ്റ്റ് സെല്ലർ എന്ന അംഗീകാരം ലഭിക്കുന്നത്.

ashwin raj author amazon best seller book

‘ലൈസ് ഓഫ് ട്രൂത്ത്’ എന്ന സീരീസിലെ ആദ്യ പുസ്തകമാണ് ‘മൈ ഗേൾഫ്രണ്ട്‌സ് ജേണൽ’. അഞ്ച് വാല്യങ്ങളുള്ള കഥാസമാഹാരമാണ് ‘ലൈസ് ഓഫ് ട്രൂത്ത്’. സീരീസിലെ ഓരോ പുസ്തകവും കഴിഞ്ഞ തവണത്തെ കഥയിലെ ചുരുളുകളഴിച്ചാകും മുന്നോട്ടുപോവുക…ആദ്യ പുസ്തകമിറങ്ങിയപ്പോൾ തന്നെ അടുത്തത് എന്ത് എന്ന ചോദ്യവുമായ നിരവധി വായനക്കാരാണ് അശ്വിനെ സമീപിച്ചത്…ഹാരി പോട്ടർ സീരീസിലെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നത് കാത്ത് കൊതിച്ചുനിന്നൊരു ബാല്യമുണ്ടായിരുന്നു അശ്വിന്. അങ്ങനെയാണ് തന്റെ മനസിലെ കഥയും സീരീസ് രൂപത്തിലിറക്കാമെന്ന ആശയം അശ്വിനും തോന്നുന്നത്…നാളെ തന്റെയും പുസ്തകത്തിനായി ജനം അക്ഷമരായി കാത്തിരിക്കുമെന്ന് അശ്വിൻ സ്വപ്‌നം കാണുന്നു…ഇതിന്റെ ആദ്യ പടി വിജയിച്ചുവെന്ന് വേണം പറയാൻ…ഒരു കഥാകാരന്റെ വിജയം അവിടെ തുടങ്ങുന്നു….

നിക്കി ക്രൂസാണ് അശ്വിന്റെ ഇഷ്ട എഴുത്തുകാരൻ. വളരെയധികം ദൈവവിശ്വാസിയായ നിക്ക് ക്രൂസിന്റെ സ്വാധീനം അശ്വിന്റെ എഴുത്തിലും കാണാം. അശ്വിന്റെ ആദ്യ കഥയിലെ നായികയും ദൈവവിശ്വാസിയായ പെൺകുട്ടിയാണ്. ‘നമ്മുടെ കാഴ്ചപ്പാടുകളെല്ലാം തെറ്റാകാം…ദൈവവിശ്വാസിയായ ഒരാൾ എടുക്കുന്ന തീരുമാനം ചിലപ്പോൾ തെറ്റാണെന്ന് കാലം തെളിയിക്കാം….ചിലപ്പോൾ അല്ലാത്തൊരു വ്യക്തി പറയുന്നതാകാം തെറ്റ്…മനുഷ്യന്റെ തീരുമാനങ്ങൾ എങ്ങനെ മാറുന്നു എന്നതാണ് ‘ലൈസ് ഓഫ് ട്രൂത്തിൽ’ കാണുന്നത്..’

റിയലിസ്റ്റിക് ഫിക്ഷൻ എന്ന വിഭാഗത്തിൽപ്പെടുന്നതാണ് അശ്വിന്റെ ‘മൈ ഗേൾഫ്രണ്ട്‌സ് ജേണൽ’. അഞ്ച് വാല്യങ്ങളും അഞ്ച് ആഖ്യാനരീതിയിലാണ് അശ്വിൻ എഴുതുന്നത്. ഒരു സീരീസ് എന്നാൽ പലപ്പോഴും ഒരേ രീതിയിലാണ് എഴുതാറ്. ഒരാളുടെ കണ്ണിലൂടെ കാണുന്ന കഥ…എന്നാൽ അശ്വിന്റെ സീരീസ് ഇതിൽ നിന്നും വിപരീതമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്…പതിനെട്ട് വയസ് മുതൽ ഒരു പെൺകുട്ടി കടന്ന് പോയ വഴികളിലൂടെയാണ് ആദ്യ പുസ്തകം കടന്നുപോകുന്നത്.

‘തിരിഞ്ഞ് നോക്കുമ്പോൾ എനിക്കായി എന്തെങ്കിലും ചെയ്തുവെന്ന തോന്നൽ എനിക്ക് വേണം’- പുസ്തകം എഴുതിയതിനെ കുറിച്ച് അശ്വൻ പറയുന്നതിങ്ങനെ.

അശ്വിൻ രണ്ടാം ക്ലാസിലായിരുന്നപ്പോൾ തന്നെ അച്ഛൻ കെ രാജൻ വിട പറഞ്ഞു. പിന്നീട് അശ്വിന്റെ ലോകമെല്ലാം അമ്മയായിരുന്നു. അമ്മയും അമ്മയുടെ
ചേച്ചിമാരുമെല്ലാം ചേർന്നൊരു ലോകത്തിൽ വളർന്നതുകൊണ്ടാകണം അശ്വിൻ പുസ്തകം  സ്ത്രീകൾക്കായി സമർപ്പിച്ചിരിക്കുന്നത്. അമേരിക്ക, യുകെ, ജർമനി, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ആമസോൺ പുസ്തകം ഇറക്കും. ആമസോണിൽ പുസ്തകം ലഭ്യമാണ്.

ashwin raj author amazon best seller book

എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ എൻഎസ്എസ് ഫീൽഡ് ഓഫിസറാണ് അശ്വിൻ. ജോലിക്കൊപ്പം തന്നെ എഴുത്തും കൊണ്ടുപോകാനാണ് അശ്വിൻ താത്പര്യപ്പെടുന്നത്. കോട്ടയം സ്വദേശികളാണ് അശ്വിന്റെ കുടുംബം. എന്നാൽ അമ്മ ശോശാമ്മ സാമുവൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നതിനാൽ ജോലിയുടെ ഭാഗമായി കുടുംബം തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. സഹോദരൻ അനീഷ്
രാജ്  ഫോട്ടോഗ്രാഫറും, ഗ്രാഫിക് ഡിസൈനറുമാണ്.  സഹോദരന്റെ ഭാര്യ ലിജി എസ് ജോസഫ് സർക്കാർ സ്‌കൂളിൽ  അധ്യാപികയാണ്.

Story Highlights- ashvin raj author, amazon best seller book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here