തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം സബ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വെഞ്ഞാറമൂട് സ്വദേശിയായ 40 വയസുകാരന്റെ റൂട്ട്മാപ്പാണ് ജില്ലാഭരണകൂടം പുറത്തുവിട്ടത്. മെയ് 11 മുതൽ 24 വരെയുള്ള ഇയാളുടെ സഞ്ചാരപാത റൂട്ട്മാപ്പിലുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് മദ്യം കടത്തിയതിനാണ് വെഞ്ഞാറമൂട് അറസ്റ്റിലായത്. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു.
അതിനിടെ തിരുവനന്തപുരം ജില്ലയിൽ രണ്ട് ക്രിമിനൽ കേസ് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവന്നു. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വീടിന് തീയിടുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വാമനപുരം സ്വദേശി. ഇയാളെ റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഫലം പോസിറ്റീവ് ആയത്. വെട്ടുകേസിലെ പ്രതിയായ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവിനേയും സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇരുവരുടേയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
Story highlights- coronavirus, route map