പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയായ നഴ്‌സും സൈനിക ഉദ്യോഗസ്ഥനും

പത്തനംതിട്ടയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 27 ആയി ഉയർന്നു.
മെയ് എട്ടിന് സൗദി അറേബ്യയിൽ നിന്നെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശിനിയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. സൗദിയിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന ഗർഭിണിയായ യുവതി നാട്ടിലെത്തിയത് മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
മെയ് 29 ന് കുവൈറ്റിൽ നിന്നെത്തിയ ഓമല്ലൂർ വാഴമുട്ടം സ്വദേശിയായ 39 കാരനാണ് വിദേശത്ത് നിന്നെത്തിയ മറ്റൊരാൾ. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാൾക്ക് ഇവിടെവച്ച് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിന് പുറമേ ദുബായിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ ജോഷി കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽവച്ച് മരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇയാളുടെ സംസ്‌കാരം നടത്തി.
തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മെയ് 21 ന് പഞ്ചാബിൽ നിന്ന് ഡൽഹി – തിരുവനന്തപുരം എക്‌സ്പ്രസിൽ നാട്ടിലെത്തിയ പ്രമാടം ഇളപ്പുപാറ സ്വദേശിയായ യുവാവ് ആർമി ഉദ്യോഗസ്ഥാനാണ്. ഇയാളെ കൂടാതെ മഹാരാഷ്ട്രയിലെ താനെയിൽ നിന്നെത്തിയ 39 കാരനും തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നെത്തിയ റാന്നി കുടമുരുട്ടി സ്വദേശിനിയായ പെൺകുട്ടിക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3445 പേരും
വിദേശത്ത് നിന്നെത്തിയ 622 പേരും ഉൾപ്പെടെ 4080 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
pathanamthitta, coronavirus, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here