ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

shivagiri

പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെയായ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 70 കോടിയുടെ പദ്ധതിയില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ഇതുള്‍പ്പെടെ 154 കോടി രൂപയുടെ തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ റദ്ദാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീനാരായണ ഗുരു ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കുകയും ചെയ്തു. പദ്ധതി ഉപേക്ഷിക്കുന്നതായി കാണിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം സംസ്ഥാന വിനോദ സഞ്ചാര സെക്രട്ടറിക്ക് കത്ത് അയച്ചു.

69.47 കോടി രൂപയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച അയച്ച കത്തില്‍ പറയുന്നു. ഒപ്പം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി 85.23 കോടി രൂപ ചെലവഴിച്ച് നടത്തുമെന്ന പ്രഖ്യാപിച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരികയായിരുന്നു.

കേന്ദ്രസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയായിരുന്നു ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട്. ഏകപക്ഷീയമായി പദ്ധതി ഐടിഡിസിയെ ഏല്‍പിച്ചതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അതൃപ്തി അറിയിക്കുകയും രാഷ്ട്രീയ വിവാദമായി വളരുകയും ചെയ്തിരുന്നു. ഉദ്ഘാടന വേദിയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കടകംപള്ളി സുരേന്ദ്രനും തമ്മിലുണ്ടായ വാക്ക് പേരും അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചു.

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമായിരുന്നു വിഭാവനം ചെയ്തിരുന്നത്. കൊവിഡില്‍ തകര്‍ന്നുനില്‍ക്കുന്ന സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത പ്രഹരമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Story Highlights: Shivagiri tourism circuit project canceled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top