രണ്ട് റിമാൻഡ് പ്രതികൾക്കും തിരുവനന്തപുരത്ത് കൊവിഡ്

covid test

രണ്ട് റിമാൻഡ് പ്രതികൾക്ക് അടക്കം തിരുവനന്തപുരം ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തു നെയ്യാറ്റിൻകര സബ്ജയിലിൽ റിമാൻഡിലാക്കിയ പ്രതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർ വിദേശത്തു നിന്ന് വന്നവരാണ്. ഡൽഹിയിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെ ആശങ്കാ കേന്ദ്രമായി മാറുകയാണ് വെഞ്ഞാറമ്മൂട്. 25ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത് 26ന് നെയ്യാറ്റിൻകര സബ്ജയിലിൽ റിമാൻഡിലാക്കിയ മുക്കുടിൽ, കളമച്ചൽ സ്വദേശികൾക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത കേസുകളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തവരാണ് ഇവർ. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരും, രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടില്ല.

Read Also: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം

വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ തന്നെ 22നു അബ്കാരി കേസിൽ അറസ്റ്റിലായ പ്രതിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മൂന്നു പേർക്കും രോഗ ബാധയേറ്റത് എവിടെ നിന്നാണെന്നു കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. രണ്ട് റിമാൻഡ് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര സബ്ജയിലിലെ അഞ്ച് ഉദ്യോഗസ്ഥരെയും,13 പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. വട്ടപ്പാറ സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചു. വട്ടപ്പാറ സിഐയ്ക്ക് വെഞ്ഞാറമൂട് സ്റ്റേഷന്റെ അധികചുമതല ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടി സ്വീകരിച്ചത്. മെയ് 26 നു കുവൈറ്റിൽ നിന്ന് കരിപ്പൂരിലെത്തിയ കഠിനംകുളം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മസ്‌ക്കറ്റിൽ നിന്നെത്തിയ ചെമ്പഴന്തി സ്വദേശിക്കും, ഡൽഹിയിൽ നിന്നെത്തിയ പുല്ലുവിള സ്വദേശിക്കും ഇന്ന് കൊവിഡ് പോസിറ്റിവായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top