ഓൺലൈൻ ഗെയിമിൽ റാൻഡം മാച്ച് ആയി കിട്ടിയത് ശ്രീനാഥ് ഭാസിയെ; വൈറലായി ഗെയിമിംഗ് വീഡിയോ

gaming sreenath bhasi video

ലോക്ക്ഡൗൺ കാലത്തെ നമ്മുടെ പ്രധാന സമയം കൊല്ലിയാണ് ഓൺലൈൻ ഗെയിമുകൾ. ഒറ്റക്കും ഗ്രൂപ്പായുമൊക്കെ നമ്മൾ ഏറ്റുമുട്ടലുകൾ നടത്തുന്നു. പബ്ജി, കാൾ ഓഫ് ഡ്യൂട്ടി വാർസോൺ ഒക്കെ ഏറെ ആരാധക പിന്തുണയുള്ള ഗെയിമുകളാണ്. ഇങ്ങനെ കാൾ ഓഫ് ഡ്യൂട്ടി കളിക്കാൻ കേറിയ രണ്ട് മലയാളികൾക്ക് കൂട്ടായി കിട്ടിയത് ഒരു സ്പെഷ്യൽ ആളാണ്. ഇന്നലെ പിറന്നാൾ ആഘോഷിച്ച, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സിനിമാ താരം ശ്രീനാഥ് ഭാസിയാണ് ഇവർക്കൊപ്പം കൂടിയത്. ഭാസിയുമൊത്തുള്ള ഇവരുടെ സംഭാഷണം അടങ്ങിയ ഗെയിമിംഗ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ലൂസിഫർ ഏസ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Read Also: പുതിയ അപ്‌ഡേഷനുമായി പബ്ജി

മലയാളിയെ കിട്ടിയതിലുള്ള സന്തോഷമായിരുന്നു ആദ്യം. കൂടെ കൂടിയ ‘ആൾക്കും’ അതേ സന്തോഷം. നാടും വീടുമൊക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഒരു തകരാറ്. ഈ ശബ്ദം ഞാനെവിടെയോ..? ‘ചേട്ടൻ്റെ ശബ്ദം ശ്രീനാഥ് ഭാസിയുടെ ശബ്ദം പോലെ തന്നെയുണ്ട്’ എന്ന അനുമോദനത്തിന് ഒരു ചിരി കൊണ്ട് മറുപടി. പേര് ചോദിച്ചപ്പോൾ ശ്രീ എന്ന് മറുപടി. സംശയത്തിൻ്റെ തോത് അധികരിച്ചു. ഫുൾ പേര് പറയണമെന്ന അഭ്യർത്ഥനക്ക് പേര് അത് തന്നെ എന്ന ഉറപ്പ്. എങ്കിലും സംശയം അങ്ങോട്ട് മാറിയില്ല. ഇതിനിടയിൽ കളി പുരോഗമിക്കുന്നുണ്ട്. ഒടുവിൽ ആ ചോദ്യം,
‘ചേട്ടന് എന്താ ജോലി?’
‘ഫിലിം ഫീൽഡിലാ’
ആൾ അത് തന്നെ എന്ന് ഉറപ്പിച്ച ഇരുവർക്കും അത്ഭുതവും സന്തോഷവും. ഒടുവിൽ, നിരന്തര ചോദ്യങ്ങളുടെ ഉത്തരമായി അഞ്ചാം പാതിരയിൽ ഹാക്കറുടെ ഒരു ‘ചെറിയ റോൾ’ ചെയ്തിട്ടുണ്ടെന്ന് കുറ്റസമ്മതം. സിനിമാ താരത്തെ കിട്ടിയ സന്തോഷത്തിൽ ഒരു ചെറിയ തള്ള്,

‘ഞാൻ ചേട്ടൻ്റെ എല്ലാ പടവും കണ്ടിട്ടുണ്ട്’
‘നീ ഇബ്ലീസ് കണ്ടോ?’
‘ഇബ്ലീസ് കണ്ടില്ല’

ഫ്രണ്ട് റിക്വസ്റ്റ് അയക്കുമെന്ന് ഗെയിമേഴ്സും ആഡ് ചെയ്യാമെന്ന് ശ്രീനാഥും. അങ്ങനെ 10 മിനിട്ട് നീണ്ട വീഡിയോക്ക് സമാപനം.

Story Highlights: gaming sreenath bhasi viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top