Advertisement

‘അസഭ്യ വർഷവും ഭീഷണിയും തുടരുന്നു’; പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര

May 30, 2020
Google News 3 minutes Read
Lucy Kalapura facebook post alleging infidelity

സഭയിലെ അനാശ്യാസങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാൽ തനിക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണെന്ന ആരോപണവുമായി ലൂസി കളപ്പുര. സഭയുമായി ബന്ധപ്പെട്ട് ലൂസി കളപ്പുര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ തനിക്ക് സഹിക്കേണ്ടി വരുന്നത് അസഭ്യ വർഷവും ഭീഷണകളുമാണെന്ന് ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സത്യമെന്തെന്നറിയാതെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തന്നെ അപമാനിക്കുനന്വർക്കുള്ള മറുപടിയെന്ന തരത്തിലാണ് ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും തമ്മിൽ പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് ഞാൻ നേരിൽ കാണാൻ ഇടയായതിനെത്തുടർന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്‍ത ആളുകൾക്ക് രക്ഷപെടാനുള്ള പഴുതുകൾ ഒരുക്കാനും, എന്നെ തേജോവധം ചെയ്‌ത്‌, ഞാൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗൺ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്സിൽ ചിലർ രാവിലെ കുർബാനക്കായി പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയിൽ പോകാത്ത ലോക്ക് ഡൗൺ സമയത്ത് ഒറ്റക്ക് പള്ളിയിൽ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാൻ കാരണം. സാധാരണ കുർബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആൾ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലർ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയിൽ മഠത്തിൽ നിന്നും പുറത്തു പോകുന്നതായും ഞാൻ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളിൽ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ, ഇതെല്ലാം സത്യമാണെന്ന് ആർക്കും ബോധ്യപ്പെടാൻ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.

വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയിൽ പോയ സുപ്പീരിയർ സിസ്റ്റർ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോൾ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുൻപിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫൻ കോട്ടക്കൽ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റർ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വൈദികർ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ കന്യാസ്ത്രീകൾ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പിൽ നിന്നും FCC സഭാനേതൃത്വത്തിൽ നിന്നും സർക്കുലർ അടക്കമുള്ള കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും മദർ സുപ്പീരിയർ കൂടിയായ സിസ്റ്റർ ലിജി മരിയ ഒറ്റക്ക് അവിടെ പോയതിൽ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളിൽ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാൻ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈൽ ഫോണിലെ ക്യാമറ റെക്കോർഡിങ് ഓണാക്കി ഫോൺ ചെയ്യുകയാണ് എന്ന ഭാവത്തിൽ ചെവിയോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുൻപോ ഞാൻ ആരെയും ഫോൺ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സർവീസ് പ്രൊവൈഡറിൽ നിന്നുള്ള കോൾ ഡീറ്റെയിൽസ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളിൽ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയിൽ ആരെയും കാണാത്തതിനാൽ ഞാൻ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോൾ അടുക്കളയിൽ നിന്നും അസാധാരണമായ ചില ശബ്‌ദങ്ങൾ കേട്ടാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളിൽ സംശയം ഉണ്ടായിരുന്നെങ്കിൽപോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവർ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടൽ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തിൽ “എന്താണെടാ ഇത്?” എന്നുഞാൻ ചോദിച്ചു. ഒപ്പം ഫോൺ കാമറ അവരുടെ നേർക്ക് കിട്ടുന്ന മട്ടിൽ പിടിക്കാൻ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാൻ കണ്ടു എന്നറിഞ്ഞ ഉടൻ ഫാ. സ്റ്റീഫൻ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയിൽ നിന്നും വേർപെട്ട് അയാൾ എന്റെ നേർക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാൻ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാൻ പള്ളിമുറിയുടെ പുറത്തെത്തി. അയാൾ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാൻ വാതിൽ അടച്ച് പിടിച്ച് അയാളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നിൽ എനിക്ക് ജയിക്കാനായില്ല. അയാൾ വാതിൽ വലിച്ചു തുറന്നു. കൈയിൽ കിട്ടിയാൽ അയാൾ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയിൽ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുൻഭാഗത്തെ സ്റ്റെപ്പ് വരെ അയാൾ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാൻ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാൾ എന്നോടൊപ്പം പള്ളിമുറി വരെ വരാൻ തയ്യാറായി.

പക്ഷേ അവിടെയെത്തിയപ്പോൾ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാൾ സംസാരിച്ചത്. അയാൾ പറഞ്ഞതിൽ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവർഷമായിരുന്നു. പള്ളിമുറിയുടെ മുൻപിൽ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോൾ അതിനെപ്പറ്റി അയാൾക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യിൽ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാൻ പറഞ്ഞതനുസരിച്ച്, പോലീസുകാർ CCTV ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ CCTV കുറച്ചു നാളുകളായി പ്രവർത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫൻ കോട്ടക്കൽ പോലീസുകാരോട് പറഞ്ഞത്. ഒടുവിൽ പോലീസുകാർ തന്നെ എന്നെ തിരികെ മഠത്തിൽ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോൺ പരിശോധിക്കാൻ സാധിച്ചത്. എന്റെ ഫോണിൽ റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ജീവൻ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയിൽ എങ്ങനെയോ ആ ദൃശ്യങ്ങൾ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണിൽ നിന്നും അബദ്ധത്തിൽ ഡിലീറ്റ് ആയിപ്പോയ ഫയലുകൾ തിരിച്ചെടുക്കാൻ വഴികളുണ്ടെന്ന് ഞാൻ ഇന്റർനെറ്റിൽ വായിച്ചു. അതിന്റെ സാധ്യതകൾ ഞാൻ പരിശോധിച്ചു വരികയാണ്)

പക്ഷേ അന്ന് രാത്രിയിൽ അത്ഭുതകരമായി പള്ളിമുറിക്ക് മുൻപിലെ കേടായ CCTV ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവർത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങൾ പോലും അത് റെക്കോർഡ് ചെയ്തിരുന്നു എന്ന്, അതിൽ നിന്നും അവർക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷൻ വരെ ആഡ് ചെയ്ത് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകൾ കണ്ടപ്പോൾ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവർഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവർ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവർ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തിൽ പള്ളിമുറിയിലെത്തിയ ഇടവകക്കാർ അവർത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങൾ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയിൽ ഫാ. നോബിൾ പാറക്കൽ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവർത്തനങ്ങൾ’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.

1. ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാൻ ഞാൻ പൂർണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നിൽ സത്യം തെളിയിക്കാൻ ഫാ. സ്റ്റീഫൻ കോട്ടക്കലും സിസ്റ്റർ ലിജി മരിയയും തയ്യാറുണ്ടോ?

2. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫൻ കോട്ടക്കൽ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവർത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?

3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ പുറത്തു വിടാൻ തയ്യാറായാൽ തീരാവുന്ന പ്രശ്‌നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാൻ പറയുന്നത് മുഴുവൻ പച്ചകള്ളമാണെന്ന് തെളിയിക്കാൻ എന്തുകൊണ്ടവർ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌ത്‌ അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേർത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?

4. പള്ളിമുറിക്ക് മുൻപിൽ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയിൽ എടുക്കാൻ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫൻ കോട്ടക്കൽ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കിൽ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?

5. വൈദികർ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകൾ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പിൽ നിന്നും FCC സഭാനേതൃത്വത്തിൽ നിന്നും സർക്കുലർ അടക്കമുള്ള കർശന നിർദ്ദേശങ്ങൾ തന്നെ ഉണ്ടായിട്ടും മദർ സുപ്പീരിയർ കൂടിയായ സിസ്റ്റർ ലിജി മരിയ, ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്ന വൈദികൻ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?

6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയിൽ പോകുന്നത്? ഇതിനു മുൻപ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങൾ ഇടവക ജനത്തിന്റെയും ഫോറൻസിക് വിദഗ്ധരുടെയും മുന്നിൽവച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാൻ തയ്യാറാണോ?

ഇതിനു മുൻപ് ഇത്തരം കാണാൻ പാടില്ലാത്ത രംഗങ്ങൾ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തർക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളിൽ തള്ളുക, അല്ലെങ്കിൽ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കുക, അതുമല്ലെങ്കിൽ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തിൽ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുൻപും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങൾ കാണേണ്ടി വന്ന സിസ്റ്റർ അഭയ മുതൽ എത്രയെത്ര ഉദാഹരണങ്ങൾ നമ്മുക്ക് ചുറ്റിലും ഉണ്ട്‌. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകൾ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികൾ ഇത്തരക്കാർക്ക് കൊടുക്കുന്ന സപ്പോർട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാൻ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകൾ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയിൽ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ CCTV വിദഗ്ദ്ധൻ നോബിൾ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യിൽ നിന്നും തങ്ങൾക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്‌ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങൾ നടത്താൻ അവർ മറന്നില്ല. പക്ഷേ അവർ തന്നെ പുറത്ത് വിട്ട വിഡിയോയിൽ ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങൾ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളിൽ കൈയിട്ടുകൊണ്ട് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത് “ഞാൻ ലിജിക്ക് ഫുൾ സപ്പോർട്ട് കൊടുക്കും” എന്നാണ്. തീർച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുൾ സപ്പോർട്ട് കൊടുക്കണം! വെറുതെ സപ്പോർട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫൻ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാർത്ഥന തന്നെ നടത്തണം. കഴിയുമെങ്കിൽ ലിജി മരിയയെയും സ്റ്റീഫൻ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ് !!

Sr.Lucy Kalapura

Story Highlights- Lucy Kalapura facebook post alleging infidelity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here